ഭുവനേശ്വർ: ഒഡീഷ സർക്കാരിന്‍റെ കർഷകനയത്തിനെതിരെയും ,മിച്ച നെല്ല് സംഭരണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആർഡിസി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച ബിജെപി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് എംപിമാർ, എട്ട് എംഎൽഎമാർ, പ്രതിപക്ഷ നേതാവ് എന്നിവരുൾപ്പെടെ 15 ലധികം ബിജെപി നേതാക്കളാണ് സംബാൽപൂർ ജില്ലയിലെ ആർഡിസി ഓഫീസിന് മുന്നിൽ വ്യാഴാഴ്ച മുതൽ ധർണയിരുന്നത്. ടോക്കൺ സമ്പ്രദായം നിലവിൽ വന്നതിനാലാണ് നെല്ല് സംഭരണത്തിൽ പ്രശ്‌നങ്ങൾ ഉണ്ടായതെന്നും ഈ വ്യവസ്ഥ ഒഴിവാക്കി എല്ലാ കർഷകരിൽ നിന്നും നെല്ല് സംഭരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മിച്ച നെല്ല് സംഭരിക്കുന്നതു വരെ പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്ന് ഇവർ പറഞ്ഞു.
അതേസമയം അനുമതി ഇല്ലാതെ പ്രതിഷേധിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് സാംബാൽപൂർ പൊലീസ് സൂപ്രണ്ട് അറിയിച്ചു. സംസ്ഥാന ബിജെപി പ്രസിഡന്‍റ് സമീർ മൊഹന്തി, പ്രതിപക്ഷ നേതാവ് പ്രദീപ് കുമാർ നായക്, ബരാഗഡ് എംപി സുരേഷ് പൂജാരി, ബൊളാംഗീർ എംപി സംഗീത സിംഗ്ദിയോ, കലഹണ്ടി എംപി ബസന്ത പാണ്ട ,മുൻമന്ത്രി കെ .വി സിംഗ് ദിയോ, സംബാൽപൂർ എംഎൽഎ ജയനാരായൺ മിശ്ര, ലോയിംഗ എംഎൽഎ ഡോ .മഹേഷ് മഹാലിംങ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്ത ശേഷം കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് സാംബാൽപൂർ ആർഡിസി പറഞ്ഞു.നേതാക്കളെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിൽ നിരവധി പാർട്ടി അനുഭാവികളാണ് പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ച് കൂടിയത്.