ന്യൂഡൽഹി: ഓസ്ട്രിയയിൽ ആറ് വ്യത്യസ്ത സ്ഥലങ്ങളിൽ നടന്ന ഭീകരാക്രമണത്തിൽ രാജ്യത്തിന് പിന്തുണ അറിയിച്ച് നിരവധി രാജ്യങ്ങളും ലോക നേതാക്കളും. തിങ്കളാഴ്ച വിയന്നയിലുടനീളം നടന്ന വെടിവയ്പിൽ രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. എല്ലാവരും വീടിനകത്ത് തുടരണമെന്നും പൊതുഗതാഗതം ഒഴിവാക്കണമെന്നും പൊലീസ് നിർദേശിച്ചു.
“ഭീരുത്വം നിറഞ്ഞ പ്രവൃത്തി” എന്നാണ് യൂറോപ്യൻ കൗൺസിൽ പ്രസിഡന്‍റ് ചാൾസ് മൈക്കൽ ആക്രമണത്തെ വിശേഷിപ്പിച്ചത്.കഴിഞ്ഞദിവസം രാത്രി വിയന്നയിൽ നടന്ന ഭീകരാക്രമണങ്ങളിൽ ഞാൻ അത്യധികം ദുഃഖിതനാണ്. ഭീകരതയ്‌ക്കെതിരെ ഞങ്ങൾ നിങ്ങൾക്കൊപ്പം നിൽക്കുമെന്ന് ആക്രമണത്തെ അപലപിച്ച യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. തലസ്ഥാനത്തുടനീളമുള്ള ആക്രമണവുമായി ബന്ധപ്പെട്ട് റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖാരോവ അനുശോചനം രേഖപ്പെടുത്തി. തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും പൗരത്വത്തെക്കുറിച്ച് വ്യക്തമാക്കുന്നതിന് വിയന്നയിലെ റഷ്യൻ എംബസി ഓസ്ട്രിയൻ അധികാരികളുമായി ബന്ധപ്പെട്ടു.