റായ്പൂർ: ഛത്തീസ്ഗഡിൽ വനിതാ സബ് എഞ്ചിനീയറെ ആക്രമിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. ഛത്തീസ്ഗഡിലെ ധംതാരിയിൽ അമാദി നഗർ പഞ്ചായത്തിലാണ് സംഭവം. കയ്യേറ്റം ചെയ്ത വസ്തുവിൽ നിരത്തി ഇട്ടിരുന്ന നിർമ്മാണ സാമഗ്രികൾ നീക്കുന്നതിനിടെയാണ് സബ് എഞ്ചിനീയറെ ഭൂമി കയ്യേറിയ മുരാരി ദിമാർ ആക്രമിച്ചത്. സംഭവത്തിൽ തലക്ക് പരിക്കേറ്റ സബ് എഞ്ചിനീയറെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അർജുനി പൊലീസ് സ്റ്റേഷൻ പരിധിയിലെ അമാദി നഗർ പഞ്ചായത്തിൽ സർക്കാർ ഭൂമി കയ്യേറ്റം ചെയ്തു എന്ന് കാണിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വനിതാ സബ് എഞ്ചിനീയർ സ്ഥലം പരിശോധിക്കാൻ എത്തിയത്. കയ്യേറ്റം ചെയ്ത ഭൂമിയിൽ നിന്ന് ഒഴിയണമെന്ന് കാണിച്ച് പ്രതി മുരാരി ദിമാറിന് നോട്ടീസ് നൽകിയിരുന്നതായും ഇത് കണക്കിലെടുക്കാത്തതിനാലാണ് പ്രദേശം സന്ദർശിച്ചതെന്നും അധികൃതർ പറഞ്ഞു.
ആക്രമണത്തിനിരയായ വനിതാ സബ് എഞ്ചിനീയർ പൂജ സർവയോടൊപ്പം മറ്റ് ജീവനക്കാരും ഉണ്ടായിരുന്നു. തുടർന്ന് വനിതാ സബ് എഞ്ചിനീയറുടെ നിർദേശ പ്രകാരം കയ്യേറ്റ ഭൂമിയിലെ സാമഗ്രികൾ മാറ്റുമ്പോഴാണ് പ്രതി വാഹനത്തിൽ ഇരിക്കുയായിരുന്ന വനിതാ സബ് എഞ്ചിനീയറുടെ തലയിൽ മരക്കമ്പ് ഉപയോഗിച്ച് അടിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.