ലക്നൗ: ഉത്തർപ്രദേശില്‍ സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകര്‍ ജനുവരി 21ന് അവധിയെടുക്കും. പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകളിലെ അധ്യാപകരാണ് കൂട്ട അവധിയെടുക്കുന്നത്. അഞ്ച് ലക്ഷം അധ്യാപകർ അടിസ്ഥാന ശിക്ഷ അധികാരിക്ക് പൊതു അവധി അപേക്ഷ നല്‍കി. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ശമ്പള തുല്യത, പെന്‍ഷന്‍ ഉറപ്പാക്കുക തുടങ്ങിയവയാണ് ആവശ്യം.
വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രശ്‌നങ്ങള്‍ സംസ്ഥാന സർക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തുന്നതിനായി നവംബർ 21ന് ലഖ്‌നൗവിൽ അധ്യാപകര്‍ വിപുലമായ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ പ്രശ്നം പരിഹരിക്കപ്പെട്ടില്ല. ബന്ധപ്പെട്ട അധികാരികള്‍ അധ്യാപകരുടെ പ്രശ്നങ്ങളെ കുറിച്ച് ബോധവാന്മാരല്ലെന്ന് പ്രഥാമിക ശിക്ഷാ സംഘ് പ്രസിഡന്‍റ് ദിനേശ് ചന്ദ്ര ശർമ പറഞ്ഞു. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി അധ്യാപകരും കൂട്ട അവധിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്.