ഹൈദരാബാദ്: തെലങ്കാന രാഷ്ട്ര സമിതി ഇരുപതാം വർഷത്തിലേക്ക് കടക്കുന്നു. ടിആർഎസ് ആസ്ഥാനത്ത് തെലങ്കാന രാഷ്ട്ര സമിതി അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു നാളെ രാവിലെ പതാക ഉയർത്തും. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വളരെ കുറച്ച് പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക. തെലങ്കാനയിൽ ഭരണം ലഭിക്കുന്നതിന് മുമ്പ് തന്നെ ടിആർഎസ് നിരവധി നാഴികക്കല്ലുകൾ താണ്ടിയിട്ടുണ്ട്.
കഴിഞ്ഞ ആറുവർഷത്തിനുള്ളിലെ ടിആർഎസ് സർക്കാരിന്‍റെ പ്രവർത്തനങ്ങൾ അത്ഭുതപ്പെടുത്തുന്നു. ക്ഷേമം, വൈദ്യുതി, കുടിവെള്ളം, ജലസേചനം, കൃഷി, വ്യവസായം തുടങ്ങിയ മേഖലകളിൽ നിരവധി നേട്ടങ്ങൾ സർക്കാർ സ്വന്തമാക്കി. നാളുകളായി ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും സർക്കാരിന് കഴിഞ്ഞു. പാർട്ടി നേതാക്കന്മാര്‍ അതത് സ്ഥലങ്ങളിൽ പതാക ഉയർത്തണമെന്നും ലോക്ക് ഡൗൺ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ചന്ദ്രശേഖർ റാവു നിർദേശിച്ചു.
2001 ഏപ്രിൽ 27നാണ് ടിആർഎസ് പാർട്ടി നിലവിൽ വന്നത്. തെലങ്കാനക്ക് പ്രത്യേക സംസ്ഥാന പദവി ലഭിക്കുക എന്നതായിരുന്നു പാർട്ടിയുടെ ലക്ഷ്യം. 2014 ജൂൺ രണ്ടിനാണ് തെലങ്കാന രൂപീകരിച്ചത്. കെ.ചന്ദ്രശേഖർ റാവു ആദ്യത്തെ മുഖ്യമന്ത്രിയായി. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചതോടെ അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.