ഹൈദരാബാദ്: മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികളായവരിൽ പതിനഞ്ച് ശതമാനം പേരും അഴിമതിക്കേസുകളില്‍പ്പെട്ടവരും എൻസിപി - കോൺഗ്രസ് പാളയത്തിൽ നിന്ന് കൂറുമാറിയവരുമായിരുന്നു.
ബിജെപിയെ പിന്തുണയ്ക്കുന്നവരിൽ നിന്നും പാർട്ടിയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ഇതിനെതിരെ ശക്തമായ എതിർപ്പുയർന്ന സാഹചര്യത്തിൽ, മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവ് റാവുസാഹിബ് ദാൻവേ ഒരു പ്രസ്താവന നടത്തി. ബിജെപിക്ക് ഒരു വാഷിങ് മെഷീനുണ്ടെന്നാണ് തെരഞ്ഞെടുപ്പു റാലിക്കിടെ അദ്ദേഹം പറഞ്ഞത്. "പാർട്ടിയിലേക്ക് വ്യക്തികളെ പ്രവേശിപ്പിക്കും മുമ്പ്, അവരെ ഞങ്ങൾ ഗുജറാത്തിലെ നിർമ്മ പൗഡർ ഉപയോഗിച്ച് വാഷിങ് മെഷീനിൽ കഴുകി ശുദ്ധമാക്കും".
ഗുജറാത്തിൽ വേരുകളുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും പരോക്ഷമായി പരാമർശിച്ച് കൊണ്ടായിരുന്നു ദാൻവെയുടെ പ്രസ്താവന. പക്ഷെ, ബിജെപിയുടെ മെഷീനും പൗഡറും വാചകക്കസർത്തുമൊക്കെ എപ്പോഴും വിലപ്പോവില്ലെന്ന് മഹാരാഷ്ട്രയിലെ ജനങ്ങൾ വോട്ടുചെയ്ത് തെളിയിച്ചു. ശിവസേനയുമായി കൂട്ടുകൂടാനോ 145 സീറ്റുകൾ നേടാനോ ബിജെപിക്കായില്ല. എൻസിപി - കോൺഗ്രസ് - ശിവസേന ക്യാമ്പിൽ നിന്നെത്തിയ എംഎൽഎമാരുടെ പിന്തുണയാർജിക്കാനും പാര്‍ട്ടിക്ക് കഴിഞ്ഞില്ല.
220ലേറെ സീറ്റുകളിൽ വിജയിച്ചതിന്‍റെ ആത്മവിശ്വാസവുമായി ദേവേന്ദ്ര ഫഡ്നാവിസ് എൻസിപി - കോൺഗ്രസ് സഖ്യത്തെ കളിയാക്കിപ്പറഞ്ഞിരുന്നത്, തെരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയിൽ പ്രതിപക്ഷം ഉണ്ടാകില്ലെന്നായിരുന്നു. വിരോധാഭാസമെന്ന് തോന്നുമെങ്കിലും, സംഭവിച്ചത് മറ്റൊന്നാണ്. നിലവില്‍ മഹാരാഷ്‌ട്ര നിയമസഭയിൽ പ്രതിപക്ഷനേതാവാണ് ഫഡ്‌നാവിസ്.
പ്രതിപക്ഷമെന്ന നിലയിൽ തോൽവി രുചിച്ച ബിജെപി, പിന്നീട് ആദർശ തത്വങ്ങളിൽ അധിഷ്ഠിതമായ വൈകാരിക വിഷയങ്ങൾ ഉയർത്തിക്കാട്ടി ശിവസേന - എൻസിപി - കോൺഗ്രസ് സർക്കാരിന്‍റെ തകർച്ചക്ക് പാതയൊരുക്കാനുള്ള ശ്രമം തുടര്‍ന്നു.
പക്ഷേ ബിജെപി കണക്കുകൂട്ടിയ തരത്തിൽ അൽപ്പായുസായിരുന്നില്ല താക്കറെ സർക്കാരിന്. അതിനു പിന്നിലെ ശക്തികേന്ദ്രം ശരദ് പവാർ തന്നെയാണ് എന്നതാണ് വാസ്തവം. മുന്‍പ് തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഫഡ്നാവിസ് പറഞ്ഞത് പവാറിന് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം ആളുകൾ വിരമിക്കുന്നത് സാധാരണമായതുകൊണ്ട് പവാറിനും കെട്ടുകെട്ടാനുള്ള സമയമായി എന്നായിരുന്നു ഫഡ്നാവിസിന്‍റെ പരാമർശം.
പാകിസ്ഥാൻ സന്ദർശനത്തിൽ തനിക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തെ പുകഴ്ത്തിക്കൊണ്ട് പവാർ സംസാരിച്ചതിനെ തെരഞ്ഞെടുപ്പുറാലിക്കിടെ നരേന്ദ്ര മോദി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
ബിജെപി അധ്യക്ഷൻ അമിത് ഷായുടെ വാക്കുകളാണ് പവാറിനെ ഏറ്റവും കൂടുതൽ അസ്വസ്ഥമാക്കിയത്. ഞങ്ങൾ വാതിലുകൾ തുറന്നിട്ടാൽ, പവാറൊഴികെ എൻസിപിയിലെ എല്ലാവരും തന്നെ ബിജെപിയിലേക്ക് പ്രവേശിക്കുമെന്ന അമിത് ഷായുടെ പ്രസ്‌താവന പവാറിന് താങ്ങാവുന്നതിനും അപ്പുറമായി.
തെരഞ്ഞെടുപ്പു ഫലം പക്ഷെ ബിജെപിയുടെ പ്രതീക്ഷകൾ ഊതിക്കെടുത്തി. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ തന്നെക്കുറിച്ച് അപമാനകരമായ പ്രസ്താവനകൾ നടത്തിയതിന് പവാർ ബിജെപിക്ക് നന്ദിയും പറഞ്ഞു.
പവാറിന്‍റെ ശക്തി തിരിച്ചറിഞ്ഞ മോദി അടവ് മാറ്റി. പാർലമെന്‍റിന്‍റെ നടുത്തളത്തിൽ ഇറങ്ങി നിന്ന് സഭാനടപടികൾ തടസപ്പെടുത്താത്തതിന്, എൻസിപിയെ പവാറിന്‍റെ സാന്നിധ്യത്തിൽത്തന്നെ മോദി അഭിനന്ദിച്ചു. നവംബർ 20ന് ഇരുനേതാക്കളും 40 മിനിറ്റ് നേരം ചർച്ചയും നടത്തി. നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിക്കാൻ ഇരുവരും ശ്രമിക്കുന്നുണ്ട് എന്നതിന് തെളിവായി ഈ സംഭവവികാസങ്ങൾ.
അധികാരയുദ്ധക്കളത്തിലെ പഴയ പടക്കുതിരയായ പവാറിന്, വ്യക്തിബന്ധത്തേക്കാൾ ശക്തി അധികാരത്തിനാണെന്ന് നന്നായറിയാം. അതുകൊണ്ടുതന്നെയാണ് എൻസിപിയിൽ വിള്ളലുണ്ടാക്കി ബിജെപി - എൻസിപി സർക്കാരുണ്ടാക്കാമെന്ന പവാറിന്‍റെ മരുമകൻ അജിത് പവാറിന്‍റെ നീക്കങ്ങൾ ശരദ് പവാർ മുളയിലേ നുള്ളിയത്.
പവാറിന്‍റെ മകൾ സുപ്രിയ സുലേയ്ക്കു കീഴിൽ പ്രവർത്തിക്കുന്നതിൽ നാണക്കേട് തോന്നിയ അജിത്, നവംബർ 23ന് വിമത വീക്കം നടത്തി. പാളിപ്പോയ ആ നീക്കത്തിനൊടുവിൽ അജിത് എൻസിപിയിലേക്ക് തിരികെ ചേക്കേറി. അജിത്തിനോട് ശരദ് പവാർ തൽക്കാലത്തേക്ക് ക്ഷമിച്ചതിന് പിന്നിലും രാഷ്ട്രീയ കൗശലം തന്നെ.
കേന്ദ്രത്തിന്‍റെ രാഷ്ട്രീയ കുടിപ്പകയിലൂന്നിയ നീക്കങ്ങളെക്കുറിച്ച് പവാറിന് നന്നായറിയാം. തക്കതായ അവസരത്തിൽ പവാർ കൃത്യതയോടെ കരുക്കൾ നീക്കുമെന്നുറപ്പാണ്. താൽക്കാലിക സൗഹൃദവും ക്ഷമാശീലവും നിശബ്ദതയുമൊക്കെ ഈ കരുനീക്കത്തിന്‍റെ മുന്നോടിയാണ്.
പരമ്പരാഗത എതിരാളികളായ എൻസിപിയും കോൺഗ്രസും കൂട്ടുചേർന്നതോടെ, എൻസിപി - കോൺഗ്രസ് വിരുദ്ധ വോട്ടുകളുടെ അവകാശിയായി ബിജെപി മാറിക്കഴിഞ്ഞു. കാവിപ്പടയ്ക്ക് ചൂട്ടുപിടിച്ച് വെളിച്ചം നൽകി മുന്നോട്ടു നയിക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് ഹിന്ദുത്വ സംഘങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എൻസിപി - കോൺഗ്രസ് സഖ്യം ശിവസേനയുമായി സീറ്റു പങ്കിടുമോ എന്നതാണ് സേനയിൽ ഇപ്പോൾ ഉയരുന്ന ചോദ്യം.
ഹിന്ദുത്വ പാർട്ടികളായ ബിജെപിയുടെയും ശിവസേനയുടെയും ഇടയിലുണ്ടായിരുന്ന ഉരസലിന് പരിഹാരം കാണാൻ ആർ.എസ്.എസ് രംഗപ്രവേശം ചെയ്തിരുന്നു. ഇതിനെത്തുടർന്ന്, അഞ്ചു വർഷക്കാലം നീളുന്ന ഭരണത്തിന്‍റെ രണ്ടാംപകുതിയിൽ മുഖ്യമന്ത്രിക്കസേര തങ്ങൾക്കു വേണമെന്ന ആവശ്യം പിൻവലിക്കാൻ ശിവസേന തയ്യാറായി. ഇതിന് രണ്ട് ഉപാധികൾ ശിവസേന മുന്നോട്ടുവെക്കുകയും ചെയ്തു. എൻഡിഎയുടെ മുഖ്യമന്ത്രിയായി ഇപ്പോഴത്തെ കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരി വരണം.
ആദിത്യ താക്കറെയെ ഉപമുഖ്യമന്ത്രിയും ആക്കണം. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ആവശ്യങ്ങൾ നിരാകരിച്ചു. "ഒന്നാമതായി, നിതിന്‍ ഗഡ്ക്കരി ഇപ്പോൾ കേന്ദ്രമന്ത്രിസഭയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന വ്യക്തിയാണ്. രണ്ടാമത് ബിജെപിയുടെ പിൻബലത്തിൽ ജയിച്ചുവരുന്ന സഖ്യത്തിന് രണ്ടാംപകുതിയിൽ മുഖ്യമന്ത്രിപദം നൽകണമെന്നത് അംഗീകരിക്കാനുമാവില്ല. 56 എംഎൽഎമാർ മാത്രമുള്ള ശിവസേന, 105 എംഎൽഎമാരുള്ള ബിജെപി നേടുന്നതിനേക്കാൾ വലിയ വിജയമാണെന്ന് പ്രഖ്യാപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ശരിയല്ലെന്ന് മോദി പരോക്ഷമായി അഭിപ്രായപ്പെട്ടു. ഇരുവിഭാഗവും വഴങ്ങാൻ തയ്യാറാകാത്തതിനെ തുടർന്ന് ആർഎസ്എസ് മധ്യസ്ഥ ശ്രമങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു.
മഹാരാഷ്‌ട്ര ഒരു ഉദാഹരണം മാത്രമാണ്. വിവിധ മാര്‍ഗങ്ങളിലൂടെ അധികാരം പിടിച്ച വിപുലമായ ഒരു ചരിത്രം ബിജെപിക്കുണ്ട്
പിൻവാതിലിലൂടെ അധികാരത്തിലേക്കെത്തിയ ബിജെപി യാത്രയിലെ നാഴികക്കല്ലുകൾ
2014ലെ പൊതുതെരഞ്ഞടുപ്പില്‍ ബിജെപിക്കുണ്ടായ ഞെട്ടിക്കുന്ന വിജയത്തിനു ശേഷം വലിയ രാഷ്ട്രീയ അട്ടിമറിക്ക് അരുണാചൽ പ്രദേശ് സാക്ഷിയായി. 2016ൽ ബിജെപി യഥേഷ്ടം തന്ത്രങ്ങൾ മെനഞ്ഞു. കോൺഗ്രസ്സിൽ നിന്ന് 43 എംഎൽഎമാർ പ്രാദേശിക പാർട്ടിയായ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിലേക്ക് (പിപിഎ) കൂടുമാറി. 2016 വരെ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന പേമ ഖണ്ഡു ബിജെപിയിൽ ചേർന്നു. അങ്ങനെ ബിജെപി വീണ്ടും അധികാരത്തിലെത്തി. പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോൺഗ്രസിൽ നിന്ന് സീറ്റുകൾ ബിജെപി സ്വന്തമാക്കി. പേമ ഖണ്ഡു ഇപ്പോഴും ബിജെപി മുഖ്യമന്ത്രിയായി തുടരുന്നു എന്നത് വാസ്തവത്തിൽ വിരോധാഭാസമാണ്.
2017 മാർച്ചിൽ മണിപ്പൂർ തെരഞ്ഞെടുപ്പിൽ അറുപതംഗ സഭയിൽ 28 സീറ്റുകള്‍ കോൺഗ്രസ് നേടിയപ്പോള്‍. ബിജെപിക്ക് 21 സീറ്റ് മാത്രമാണ് ലഭിച്ചത്. എന്നിട്ടുകൂടി, ചെറുപാർട്ടികളെ സ്വാധീനിച്ച് ബിജെപി അധികാരം പിടിച്ചെടുത്ത് മണിപ്പൂരിൽ സർക്കാർ രൂപീകരിച്ചു.
2017 മാർച്ചിൽ നാൽപ്പതംഗ ഗോവ നിയമസഭയിൽ കോൺഗ്രസിന് പതിനേഴും ബിജെപിക്ക് പതിമൂന്നും സീറ്റുകള്‍ ലഭിച്ചു. പക്ഷെ ഇവിടെയും ബിജെപി അധിക്കാര അട്ടിമറി നടത്തി. പ്രതിപക്ഷ എംഎൽഎമാരെ വല വീശിപ്പിടിച്ചു. 2019 ജൂലൈയിൽ കോൺഗ്രസില്‍ നിന്ന് മറുകണ്ടം ചാടി 10 എംഎൽഎമാർ ബിജെപിയിൽ എത്തി. അങ്ങനെ 27 എന്ന മാന്ത്രിക സംഖ്യയിലേക്ക് ബിജെപി എത്തി.
2018 ജനുവരിയിൽ നാഗാലാന്‍റില്‍ എൻ.പി.എഫ് എന്നറിയപ്പെടുന്ന നാഗാ പീപ്പിൾസ് ഫ്രണ്ടിനെ പിളർത്തിയ ബിജെപി നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി(എൻ.ഡി.പി.പി) ക്ക് രൂപം നൽകി. എൻപിപിപിയിലെ നെയ്ഫ്യു റിയോയെ സംസ്ഥാനത്തിന്‍റെ ഇടക്കാല മുഖ്യമന്ത്രിയാക്കി. അങ്ങനെ ബിജെപി ഭരണസഖ്യത്തിന്‍റെ ഭാഗവുമായി.
മേഘാലയയിൽ, 2018ല്‍ നടന്ന തെരഞ്ഞെടുപ്പിൽ, 60 ൽ 21 സീറ്റുകളും നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പക്ഷെ, വെറും രണ്ട് എംഎൽഎമാരെ നേടിയ ബിജെപിയാകട്ടെ, ചെറുപാർട്ടികളിലും നാഷണൽ പീപ്പിൾസ് പാർട്ടിയിലും സ്വാധീനം ചെലുത്തി സഖ്യസർക്കാരിന്‍റെ ഭാഗമായി.
2019 ജൂലൈയിൽ, 17 എംഎൽഎമാർ (കോൺഗ്രസിലെ പതിനാലും ജെഡിഎസ്സിലെ മൂന്നും) കൂട്ടത്തോടെ രാജി വെച്ചതിനെത്തുടർന്നുണ്ടായ അനിശ്ചിതത്വം, കർണ്ണാടകയിൽ ബിജെപിക്ക് അനുകൂലമായ കാലാവസ്ഥ സൃഷ്ടിച്ചു. ജെഡിഎസ് - കോൺഗ്രസ് സഖ്യസർക്കാർ താഴെ വീണു. അന്ന് രാജി വെച്ചതിൽ 16 പേർ ഇന്ന് ബിജെപി അംഗങ്ങളാണ്. 13 പേർ ഡിസംബർ അഞ്ചിലെ തെരഞ്ഞടുപ്പിൽ മൽസരിച്ചു. ഉപതെരഞ്ഞെടുപ്പ് നടന്ന പതിനഞ്ച് മണ്ഡലങ്ങളിൽ ബിജെപി പന്ത്രണ്ട് സീറ്റുകളും നേടി.
സഖ്യകക്ഷികളോടുള്ള ബിജെപിയുടെ വഞ്ചനാപരമായ നിലപാട്: ഉദാഹരണങ്ങൾ അനവധി
2014ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി, ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകാമെന്ന വ്യവസ്ഥയിൽ വിശ്വസിച്ച് ടിഡിപി ബിജെപിയുമായി സഖ്യമുണ്ടാക്കി. പിന്നീട് 2018ൽ നൽകിയ വാക്കു പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ടിഡിപി എൻഡിഎയിൽ നിന്ന് പുറത്തുകടന്നു.
ആദർശപരമായി എതിർപക്ഷത്തു നിൽക്കുന്ന പിഡിപിയുമായി ജമ്മു കശ്മീരിൽ 2014 ലെ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി കൂട്ടുകൂടുകയും സഖ്യസർക്കാർ രൂപീകരിക്കുകയും ചെയ്തു. പക്ഷെ, 2018ൽ സഖ്യത്തിൽ നിന്ന് ബിജെപി പിൻമാറി.
സിക്കിമിൽ, പവൻ ചാംലിങ്ങിന്‍റെ എസ്.ഡി.എഫിൽ (സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്) ബിജെപി തന്ത്രങ്ങൾ പയറ്റി. 2019 മെയ് മാസം 15ൽ 10 പ്രതിപക്ഷ എംഎൽഎമാരും ഒപ്പം ചേർന്നതോടെ ബിജെപി സിക്കിമിലെ പ്രധാന പ്രതിപക്ഷമായി മാറി.
സീറ്റു പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾക്കൊടുവിൽ, ഝാർഖണ്ഡിൽ ബിജെപിയുടെ ദീർഘകാല സഖ്യകക്ഷികളായിരുന്ന എ.ജെ.എസ്.യുവും, എൽ.ജെ.പിയും എൻ.ഡി.എയിൽ നിന്ന് പുറത്തുപോയി.
രാഷ്‌ട്രീയ ചതുരംഗത്തിൽ ഓരോചുവടും അതീവ കുശലതയോടെയാണ് ബിജെപി നീക്കുന്നത്. സ്വന്തം നിലനിൽപ്പിന് വേണ്ടി, നൽകിയ വാഗ്ദാനങ്ങൾ മറക്കാനും ശത്രുവിനെ ബന്ധുവാക്കാനും ബിജെപിക്ക് ഒരു മടിയുമില്ല.