പട്‌ന: ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ തൊഴില്‍ വാഗ്‌ദാനം പാലിക്കണമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. നിയമസഭയില്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്‌തതിന് ശേഷമാണ് ആര്‍ജെഡി നേതാവിന്‍റെ പ്രതികരണം. എന്‍ഡിഎ സഖ്യത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ 19 ലക്ഷം തൊഴില്‍ വാഗ്‌ദാനം നടപ്പിലാക്കണമെന്നാണ് തേജസ്വി യാദവിന്‍റെ ആവശ്യം. തൊഴിലില്ലായ്‌മയുടെ കാര്യത്തില്‍ രാജ്യത്തിന്‍റെ തലസ്ഥാനമാണ് ബിഹാര്‍. ജനങ്ങള്‍ക്ക് ഇനിയും കാത്തിരിക്കാന്‍ വയ്യെന്നും ആദ്യ മാസത്തില്‍ തന്നെ സര്‍ക്കാരിന് 19 ലക്ഷം തൊഴിലവസരങ്ങള്‍ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ സംസ്ഥാനമെമ്പാടും പ്രതിഷേധങ്ങളില്‍ പങ്കുചേരുമെന്നും ആര്‍ജെഡി നേതാവ് വ്യക്തമാക്കി.
സത്യപ്രതിജ്ഞക്ക് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു തേജസ്വി യാദവ്. തൊഴിലില്ലായ്‌മ, ആരോഗ്യം, വിദ്യാഭ്യാസം എന്നീ കാര്യങ്ങളില്‍ 1 കോടി 56 ലക്ഷം വോട്ടര്‍മാര്‍ നമ്മളെ വിശ്വസിച്ചു. ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു. മാറ്റത്തിനായി ജനങ്ങള്‍ ഇപ്രാവശ്യം വോട്ട് ചെയ്യുകയും വിധി വരികയും ചെയ്‌തു. നിയമസഭയിലെ മൂന്നാമത്തെ വലിയ പാര്‍ട്ടിയുടെ നേതാവ് തന്നെ മുഖ്യമന്ത്രിയാവുകയും ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയുടെ ഭീഷ്‌മപിതാമഹനാണ് നിതീഷ് കുമാറെന്നും, അഴിമതിക്കാരായ രാഷ്‌ട്രീയക്കാര്‍ക്ക് മുഖ്യമന്ത്രി അഭയം നല്‍കിയെന്നും നിതീഷ് കുമാറിനെ തേജസ്വി യാദവ് വിമര്‍ശിച്ചു. നിയമന തട്ടിപ്പില്‍ ആരോപണവിധേയനായ മേവ്‌ലാല്‍ ചൗധരിക്ക് വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതല നല്‍കിയെന്നും, പകരം അധികാരത്തിലെത്തിയ കൃഷ്‌ണ നന്ദന്‍ പ്രസാദ് വര്‍മയുടെ ബന്ധുക്കളും അഴിമതി കേസുകളിലുള്‍പ്പെട്ടിട്ടുണ്ടെന്നും തേജസ്വി യാദവ് ആരോപിച്ചു. പുതിയ വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ സര്‍ക്കാരിന്‍റെ കീഴില്‍ ഉപമുഖ്യമന്ത്രിയായിരിക്കെ തനിക്കെതിരായ അഴിമതിയാരോപണം തെളിയിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ തേജസ്വി യാദവ് മടിച്ചില്ല. നിലവിലുള്ള അഴിമതിയാരോപണങ്ങളില്‍ പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനത്ത് നിന്നും തേജസ്വി യാദവിന്‍റെ രാജി എന്‍ഡിഎ ആവശ്യപ്പെട്ടിരുന്നു. പുതുതായി രൂപികരിച്ച നിയമസഭയുടെ ആദ്യ സമ്മേളനം ഇന്നാരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു നിയമസഭ സമ്മേളനം.