ചണ്ഡീഗഡ്: ദേശീയ തലസ്ഥാനത്ത് നടന്ന വർഗീയ കലാപത്തിൽ ഏർപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. ആദായനികുതി വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ വ്യാപാര, വ്യവസായ മേഖലകളിൽ നിന്നുള്ള പങ്കാളികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താക്കൂര്‍.
ഡല്‍ഹി തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹവും മറ്റ് ബിജെപി നേതാക്കളും നടത്തിയ വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ചും ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ നഗരത്തിലെ കലാപത്തിലേക്ക് നയിച്ചതെങ്ങനെയെന്നും പത്രസമ്മേളനത്തിൽ അദ്ദേഹത്തോട് ചോദ്യം ഉയര്‍ന്നു. ഇതിന് മറുപടിയായാണ് അനുരാഗ് താക്കൂര്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്. കലാപത്തിൽ ഏർപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും വിവിധ മതസ്ഥരായ ജനങ്ങൾ ഒന്നിച്ച് ജീവിക്കുകയും രാഷ്ട്രനിർമ്മാണത്തിന് ഐക്യത്തോടെ സംഭാവന നൽകുകയും ചെയ്യുന്നതാണ് നമ്മുടെ രാജ്യത്തിന്‍റെ കരുത്തെന്നും താക്കൂർ പറഞ്ഞു. പൊലീസ് അവരുടെ ജോലി ചെയ്യുകയാണെന്നും ഇന്ത്യ മുന്നോട്ട് പോകണമെന്നും സമ്പദ്‌വ്യവസ്ഥയിൽ വലിയ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും ഭാവിയില്‍ അത് തുടരുമെന്നും താക്കൂര്‍ വ്യക്തമാക്കി.