ന്യൂഡൽഹി: ഗാന്ധി കുടുംബത്തോടൊപ്പം വിദേശയാത്രകൾക്കിടയിലും സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി) ഉദ്യോഗസ്ഥർ അനുഗമിക്കണമെന്ന് കേന്ദ്രസർക്കാർ ഉത്തരവ്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം ഗാന്ധികൾക്ക് നൽകിയ സുരക്ഷാ ഉത്തരവിൽ പുതിയ മാർഗനിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
കാബിനറ്റ് സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പുതിയ മാർഗനിർദ്ദേശങ്ങളനുസരിച്ച് ഗാന്ധി കുടുംബാംഗങ്ങള്‍ അവരുടെ വിദേശ യാത്രകളുടെ ഓരോ മിനിറ്റിന്‍റെ വിശദാംശങ്ങളും സമർപ്പിക്കേണ്ടതുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ സുരക്ഷ വേണ്ട രാഷ്ട്രീയക്കാർക്കാണ് എസ്.പി.ജി സുരക്ഷ നൽക്കുന്നത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ എസ്.പി.ജി സുരക്ഷ ഓഗസ്റ്റിൽ സർക്കാർ പിൻവലിച്ചിരുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധി, മകൻ രാഹുൽ ഗാന്ധി, മകൾ പ്രിയങ്ക ഗാന്ധി വാദ്ര എന്നീ നാല് പേർക്കാണ് നിലവിൽ എസ്‌പിജി സുരക്ഷയുളളത്.