ന്യൂഡൽഹി: കൊവിഡ് -19 രോഗികളെ ചികിത്സിക്കാൻ പ്രത്യേക കെട്ടിടവുമായി സർ ഗംഗാ റാം ആശുപത്രി. പുസ റോഡിലെ സർ ഗംഗാ റാം കോംലെറ്റ് ആശുപത്രിയിൽ മാത്രമാകും ഇനി കൊവിഡ് രോഗികളെ പരിശോധിക്കുക.
"ഇന്ന് ഞങ്ങൾ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനുമായി കൂടിക്കാഴ്ച നടത്തി. കൊവിഡ് -19 സ്ഥിരീകരിച്ച് രോഗികളെയും കൊവിഡ് ലക്ഷണങ്ങൾ ഉള്ള രോഗികൾക്കും ചികിത്സ നൽകാൻ ഞങ്ങൾക്ക് പ്രത്യേകമായി ഒരു ബ്ലോക്കോ ആശുപത്രിയോ ആവശ്യമാണ്, മറ്റ് രോഗികളും പ്രധാനപ്പെട്ടവരാണ്. സ്ഥിരമായി മരുന്ന കഴിക്കുകയും പരിശോധനകൾ നടത്തുകയും ചെയ്യുന്ന രോഗികൾക്ക് നേരെ മുഖം തിരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല," സർ ഗംഗാ റാം ആശുപത്രി ചെയർമാൻ ഡോ. ഡി എസ് റാണ പറഞ്ഞു.
ഡോ. ഡി എസ് റാണയുടെ ആവശ്യം ഡൽഹി സര്‍ക്കാര്‍ അംഗീകരിച്ചതോടെ മാർഗിലെ സർ ഗംഗാ റാം ആശുപത്രിയും രജീന്ദർ നഗറിലെ ഗംഗാ റാം ആശുപത്രിയും കൊവിഡ് രോഗം ഇല്ലാത്ത രോഗികൾക്കായി പ്രവര്‍ത്തിക്കാൻ തീരുമാനമായി.
അതേ സമയം, മാർച്ച് 30 മുതൽ ഏപ്രിൽ 02 വരെ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്ന് കൊവിഡ് -19 പോസിറ്റീവ് രോഗികളെ പരിശോധിച്ച 108 ആരോഗ്യ പ്രവർത്തകരെ ക്വാറന്‍റൈൻ ചെയ്തിരിക്കുകയാണ്.