ലക്‌നൗ: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കഴിഞ്ഞയാഴ്‌ച സംസ്ഥാനവ്യാപകമായി ഉണ്ടായ അക്രമങ്ങൾ കണക്കിലെടുത്ത് വെള്ളിയാഴ്‌ച ഉത്തർപ്രദേശിൽ സുരക്ഷ പട്രോളിങ് ശക്തമാക്കി. അതേസമയം, പൊതുമുതൽ നശിപ്പിച്ചവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടിയുടെ ഭാഗമായി വിവിധ ജില്ലകളിലെ 372 പേർക്ക് സംസ്ഥാന സര്‍ക്കാര്‍ നോട്ടീസ് നല്‍കി.
അക്രമത്തിൽ 19 പേർ മരിക്കുകയും 288 പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചു. 327 പേര്‍ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും 5,558 പേരെ കരുതൽ തടങ്കലിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. മുൻകരുതൽ നടപടിയെന്ന നിലയിൽ റദ്ദാക്കപ്പെട്ടിരുന്ന ഇന്‍റർനെറ്റ് സേവനങ്ങൾ നിരവധി സ്ഥലങ്ങളിൽ വീണ്ടും താൽക്കാലികമായി നിർത്തിവച്ചു. തീപിടുത്തത്തിലും കല്ലെറിഞ്ഞും ഉണ്ടായ നഷ്ടം നികത്താൻ ജില്ലാ ഭരണകൂടങ്ങൾ നോട്ടീസ് നൽകിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.