ന്യൂഡൽഹി: ലോക്ക് ഡൌണിന് മുമ്പ് ബുക്ക് ചെയ്ത വിമാന ടിക്കറ്റുകളുടെ പണം തിരികെ കൊടുക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്. എയർലൈൻ കമ്പനികൾ പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയുടെ മറുപടിയായാണ് നോട്ടീസ്. ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേന്ദ്രത്തിന് നോട്ടീസ് അയച്ചത്.
ലോകത്ത് എവിടെയും എയർലൈനുകൾ പൂർണമായ തുക തിരികെ നൽകാറില്ലെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയവുമായി ഇക്കാര്യം ചർച്ച ചെയ്ത് ഉപഭോക്താക്കളുടെ ആശങ്കകൾക്ക് പരിഹാരം കാണണമെന്നും സ്പൈസ് ജെറ്റ് കോടതിയെ അറിയിച്ചു. കൊവിഡിനെ തുടർന്ന് ആഗോള തലത്തിൽ വിമാന കമ്പനികൾക്ക് 60 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായതായി അഭിഭാഷകൻ പറഞ്ഞു. വിഷയത്തിൽ മൂന്നാഴ്ചക്കുള്ളിൽ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.