മുംബൈ: വീട് വിട്ടിറങ്ങിയ 18കാരിയായ പഞ്ചാബി സ്വദേശിനിയെ പീഡിപ്പിച്ചയാള്‍ മുംബൈയില്‍ പിടിയില്‍. കാമാത്തിപ്പുര സ്വദേശിയായ അഖ്തര്‍ റിയാസുദ്ദീന്‍ ഖുറേഷിയാണ് പിടിയിലായത്. കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് വീട്ടില്‍ നിന്നും ഒളിച്ചോടിയ പെണ്‍കുട്ടിയാണ് ഈ മാസം ഒമ്പതിന് മുംബൈയില്‍ പീഡിപ്പിക്കപ്പെട്ടത്.
ഒക്ടോബര്‍ 17ന് വീട്ടില്‍ നിന്ന് 10,000 രൂപയും മോഷ്ടിച്ചാണ് പഞ്ചാബി സ്വദേശിനി വീട് വിട്ടിറങ്ങുന്നത്. ആദ്യം അമൃത്സറിലേക്ക് പോയ പെണ്‍കുട്ടി പിന്നീട് സൂറത്ത്, രാജസ്ഥാന്‍ വഴി മുംബൈയില്‍ എത്തി. മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഒറ്റക്ക് ചുറ്റിത്തിരിഞ്ഞ പെണ്‍കുട്ടിയെ കണ്ട ഖുറേഷി സഹായ വാഗ്ദാനം നല്‍കി കൂടെക്കൂടുകയായിരുന്നു. പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം പെണ്‍കുട്ടിക്ക് താമസവും ഭക്ഷണവും ഖുറേഷി വാഗ്ദാനം ചെയ്തു. പിന്നീട് പെണ്‍കുട്ടിയെ മുംബൈയിലെ കുപ്രസിദ്ധമായ ചുവന്ന തെരുവുകളിലൊന്നായ കാമാത്തിപ്പുരയിലെത്തിച്ചു. പ്രദേശവാസിയായ സ്ത്രീയുടെ വീട്ടില്‍ വച്ചായിരുന്നു പീഡനം. സംഭവം പുറത്ത് പറയരുതെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഖുറേഷി പുറത്ത് പോയ സമയം നോക്കി രക്ഷപ്പെട്ട പെണ്‍കുട്ടി പൊലീസുകാരനെ സമീപിച്ച് സംഭവം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാഗ്പാഡാ സ്റ്റേഷനിലെത്തിച്ച് പെണ്‍കുട്ടിയില്‍ നിന്നും പൊലീസ് പരാതി എഴുതി വാങ്ങി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തൊട്ടടുത്ത ദിവസം തന്നെ ഖുറേഷി പിടിയിലായത്.