ജയ്‌പൂർ: കൊവിഡിനെ പ്രതിരോധിക്കാൻ റാപ്പിഡ് ടെസ്റ്റ് ഉടൻ ആരംഭിക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. രണ്ട് ലക്ഷം ടെസ്റ്റിംഗ് കിറ്റുകൾ എത്തിയിട്ടുണ്ടെന്നും പരിശോധന ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൊത്തം 10 ലക്ഷം കിറ്റുകൾക്ക് സംസ്ഥാന സർക്കാർ ഓർഡർ ചെയ്തതായും പരിശോധന വരും ദിവസങ്ങളിൽ വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്എംഎസ് ആശുപത്രിയിലെ ലാബിൽ കൊവിഡ് പരിശോധന സ്ഥിരമായി നടത്താനുള്ള സംവിധാനം ഏർപ്പെടുത്തിയതായും സംസ്ഥാനത്തെ ആറ് ഡിവിഷണൽ ആസ്ഥാനത്തെ മെഡിക്കൽ കോളജ് ലാബുകളിലും പരിശോധനകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമ്പദ്‌വ്യവസ്ഥ ഉയർത്തുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളെ പറ്റി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനുശേഷം വിശദമായി ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. ആരോഗ്യമന്ത്രി രഘു ശർമ്മ, ചീഫ് സെക്രട്ടറി ഡി ബി ഗുപ്ത, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.