രാജസ്ഥാൻ: സർക്കാറിനെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു എന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് എം.എല്‍.എമാരെ ഡല്‍ഹി ജയ്പൂര്‍ ദേശീയ പാതയിലെ ശിവ് വില്ലാസ് റിസോട്ടിലേക്ക് മാറ്റി. സംസ്ഥാന സര്‍ക്കാറിനെ പണക്കൊഴുപ്പുകാട്ടി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായാണ് ആരോപണം. സ്വതന്ത്ര എം.എല്‍.എയെ ബി.ജെ.പി പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതായും കോണ്‍ഗ്രസ് ആരോപിച്ചു.
രാജസ്ഥാൻ നിയമസഭയിലെ ചീഫ് വിപ്പ് മഹേഷ് സംസ്ഥാനത്തെ അഴിമതി വിരുദ്ധ ബ്യൂറോക്ക് ഇതുമായി ബന്ധപ്പെട്ട് കത്ത് നൽകിയതായാണ് വിവരം. കർണാടക, മധ്യപ്രദേശ്, ഗുജറാത്ത് മാതൃകകളിൽ രാജസ്ഥാനിലും സർക്കാറിനെ അട്ടിമറിക്കാൻ ശ്രമം തുടങ്ങിയെന്നാണ് കോൺഗ്രസ് ആരോപണം. കത്തില്‍ ബി.ജെ.പിയുടെ പേര് പരാമർശിച്ചിട്ടില്ല. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും മഹേഷ് ആവശ്യപ്പെട്ടു.
ജൂൺ 19ന് സംസ്ഥാനത്ത് രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അട്ടിമറി ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തുന്നത്. നിയമസഭയിലെ അംഗസംഖ്യവെച്ച് രാജ്യസഭയിലേക്ക് രണ്ട് അംഗങ്ങളെ കോൺഗ്രസിനും ഒരു അംഗത്തെ ബി.ജെ.പിക്കും വിജയിപ്പിക്കാം. ഒരു സീറ്റുകൂടി അധികം നേടാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി ഇപ്പോൾ നടത്തുന്നത്.