ജയ്‌പൂർ: രാജസ്ഥാനിൽ വെട്ടുകിളി ആക്രമണം രൂക്ഷം. ധോൽപൂർ ശർമഥുര പ്രദേശത്ത് വ്യാപക കൃഷിനാശം. കാൽ നൂറ്റാണ്ടിനിടെയുള്ള ഏറ്റവും കടുത്ത വെട്ടുകിളി ശല്യമാണ് ഈ വർഷത്തേത്. പ്രാദേശിക കർഷകർക്ക് വെട്ടുകിളി ആക്രമണത്തിൽനിന്ന് രക്ഷനേടാൻ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് കൃഷിവകുപ്പ് അറിയിച്ചു. പ്രാണികളെ ഭയപ്പെടുത്തുന്നതിനായി കർഷകർ പാത്രങ്ങൾ തട്ടി ശബ്ദമുണ്ടാക്കാറുണ്ടെന്നും കൃഷിവകുപ്പ് അധികൃതർ പറഞ്ഞു.
26 വർഷം മുമ്പായിരുന്നു സമാനമായ രീതിയിൽ വ്യാപക വെട്ടുകിളി ശല്യമുണ്ടായത്. മേയ് മാസത്തിൽ തുടങ്ങിയ വെട്ടുകിളി ശല്യമാണ് ഇപ്പോഴും നിയന്ത്രണാതീതമായി തുടരുന്നത്. 2.60 ലക്ഷം ലിറ്റർ കീടനാശിനി ഇതിനോടകം കീടനിയന്ത്രണത്തിനായി ഉപയോഗിച്ചെങ്കിലും പാകിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽ ഇവ നിയന്ത്രണമില്ലാതെ പെരുകുന്നതിനാൽ അതിർത്തി ജില്ലകളിലേക്കു വീണ്ടും ഇവ എത്തുകയാണെന്നാണു കൃഷി വകുപ്പ് അധികൃതർ പറയുന്നത്. കടുക്, ജീരകം, ഗോതമ്പ് തുടങ്ങിയ കൃഷികളാണ് ഏറെയും നശിച്ചിരിക്കുന്നത്.