ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. ജയ്‌ഷെ ഇ മുഹമ്മദ് തലവൻ മസൂദ് അസ്ഹറും സഹോദരൻ റൗഫ് അസ്ഹറുമാണ് സംഭവത്തിലെ മുഖ്യ പ്രതികളെന്ന് 13,500 പേജുള്ള കുറ്റപത്രത്തില്‍ അന്വേഷണ സംഘം വ്യക്തമാക്കുന്നു. സംഭവം നടന്ന് 18 മാസങ്ങള്‍ക്ക് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
2019 ഫെബ്രുവരി നാലിനാണ് കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരേ ചാവേറാക്രമണമുണ്ടായത്. ആക്രമണത്തില്‍ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. സംഭവത്തില്‍ പാകിസ്ഥാന്‍റെ പങ്ക് വ്യക്തമാക്കുന്ന തരത്തിലാണ് എന്‍ഐഎ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ബോംബുകൾ എത്തിച്ച ഉമർ ഫറൂഖ്, ആക്രമണത്തിന് ഉപയോഗിച്ച കാർ ഓടിച്ച ഷാക്കിർ ബഷീർ മാഗ്രേ, ഭീകരരെ കശ്മീരിൽ എത്തിച്ചെന്ന് കരുതുന്ന മുഹമ്മദ് ഇക്ബാൽ റാത്തർ, ഭീകരർക്ക് ഫോണുകൾ എത്തിച്ചു നൽകിയെന്ന് കരുതുന്ന ബിലാൽ അഹമ്മദ് കുചെ, മുഹമ്മദ് അബ്ബാസ് റാത്തെർ, വൈസ്– ഉൽ– ഇസ്‌ലാം, താരിഖ് അഹമ്മദ് ഷാ, ഇൻഷ ജാൻ എന്നിവരാണ് പ്രതിപ്പട്ടികയിലെ മറ്റുള്ളവർ.