ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭർ ഭാരത് സ്വയം പര്യാപ്തമായ ഇന്ത്യയെ സൃഷ്ടിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി.
കൊവിഡിന് മുമ്പ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 2.89 ട്രില്യൺ ഡോളർ ആയിരുന്നു എന്നും 2024-2025 ഓടെ അത് അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറാനും 2030ഓടെ 10 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറാനും തങ്ങൾ ലക്ഷ്യം വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബിസിനസ് പരിഷ്കരണം നടപ്പാക്കലുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ റാങ്കിങ് പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള സംയുക്ത പത്രസമ്മേളനത്തിലാണ് സിങ് പുരി ഇക്കാര്യം പറഞ്ഞത്. പകർച്ചവ്യാധിക്കുശേഷം ഇന്ത്യ കൂടുതൽ ശക്തമാകുമെന്നും ആഗോള വിതരണ ശൃംഖലയിൽ കൂടുതൽ വ്യക്തവും ഉറപ്പുള്ളതുമായ പങ്ക് വഹിക്കാൻ ഇന്ത്യക്ക് കഴിയുമെന്നും പുരി പറഞ്ഞു.