ഗാന്ധിനഗർ: പാകിസ്ഥാൻ നാവികസേനയുടെ വെടിയേറ്റ് ഇന്ത്യൻ മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. ഗുജറാത്തിലെ ഓഖ തീരത്തെ അതിർത്തിയിൽ വെച്ച് ഞായറാഴ്‌ചയാണ് രണ്ട് ഇന്ത്യൻ ബോട്ടുകൾക്ക് നേരെ പാകിസ്ഥാൻ വെടിവെയ്‌പ്പ് നടത്തിയത്. രണ്ട് ബോട്ടുകളും അന്താരാഷ്‌ട്ര നാവിക അതിർത്തി കടന്നതാണ് വെടിവെയ്‌പ്പിന് കാരണമെന്ന് ദേവഭൂമി ദ്വാർക പൊലീസ് സൂപ്രണ്ട് രോഹൻ ആനന്ദ് അറിയിച്ചു.
സംഭവത്തിനുശേഷം ബോട്ടിലുള്ള മത്സ്യത്തൊഴിലാളികൾ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ (ഐജിസി) റേഡിയോ സെറ്റിൽ വിവരമറിയിച്ചു. തുടർന്ന് ഐജിസി പാകിസ്ഥാൻ നാവികസേനയുമായി ബന്ധപ്പെട്ട് രണ്ട് ബോട്ടുകളും തിരികെ അയക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും രോഹൻ ആനന്ദ് കൂട്ടിച്ചേർത്തു. ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഗുജറാത്ത് സർക്കാർ മത്സ്യബന്ധനത്തിന് അനുമതി നൽകിയിട്ടുണ്ട്.