ഇസ്ലാമാബാദ്: ഇന്ത്യൻ തീർഥാടകരെ പാസ്‌പോർട്ട് ഇല്ലാതെ കർതാർപൂരിൽ പ്രവേശിപ്പിക്കാനുള്ള നിർദേശം പാകിസ്ഥാൻ പരിഗണിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി ഇജാസ് ഷാ. ഗുരുദ്വാര ദർബാർ സാഹിബിലേക്ക് കൂടുതൽ തീര്‍ത്ഥാടകരെ ആകർഷിക്കുന്നതിനായിട്ടാണ് ഇത്. എന്നാൽ നിലവിൽ പാകിസ്ഥാനും ഇന്ത്യയും തമ്മിൽ ഒപ്പുവച്ച ധാരണാപത്രം അനുസരിച്ച് കർതാർപൂരിലേക്ക് പാസ്‌പോർട്ട് രഹിത പ്രവേശനം അനുവദിച്ചിട്ടില്ലെന്നും ഷാ പാർലമെന്‍റിൽ പറഞ്ഞു. പാസ്‌പോർട്ട് ഇല്ലാതെ പ്രവേശനം നൽകാനുള്ള നിർദേശം പരിഗണനയിലാണെന്നും വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിർദേശങ്ങൾ തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടപടിക്രമം അനുസരിച്ച് തീർഥാടകർക്ക് ഇന്ത്യൻ പാസ്‌പോർട്ടോ ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന രേഖയോ ഹാജരാക്കിയ ശേഷം പുലർച്ചെ മുതൽ സന്ധ്യ വരെ കർതാർപൂർ സന്ദർശിക്കാം. ഫിസിക്കൽ, ഇലക്ട്രോണിക് സുരക്ഷാ സംവിധാനങ്ങൾ വഴി ആയിരിക്കും തീർഥാടകരെ കടത്തിവിടുക. കൂടാതെ പാകിസ്ഥാൻ ഭാഗത്തേക്ക് കടക്കാതിരിക്കാൻ പ്രത്യേക ടേൺസ്റ്റൈൽ ഗേറ്റുകളും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുമെന്നും ഇജാസ് ഷാ പറഞ്ഞു. ദേശീയ തിരിച്ചറിയൽ കാർഡുകൾ വിദേശികൾക്ക് നൽകിയതിന്‍റെ വിശദാംശങ്ങളും സഭയിൽ അവതരിപ്പിച്ചു. 2009-2012 കാലയളവിൽ 1,637 വിദേശികൾക്ക് ദേശീയ തിരിച്ചറിയൽ കാർഡുകൾ നൽകി. 2013 മുതൽ 2018 വരെ 474 കാർഡുകൾ നൽകിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.