ചെന്നൈ: ശ്രീലങ്കൻ തീരത്തെ കച്ചത്തീവ് ദ്വീപിനടുത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന മൂവായിരത്തിലധികം തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന തടഞ്ഞു. ഒപ്പം ബോട്ടുകളിലുണ്ടായിരുന്ന വലകളും സൈന്യം പിടിച്ചെടുത്തു. അഞ്ഞൂറിലധികം ബോട്ടുകളിലായി കച്ചത്തീവിന് സമീപം മത്സ്യബന്ധനം നടത്തികൊണ്ടിരിക്കേ ശ്രീലങ്കന്‍ സൈന്യം തങ്ങളെ ഒഴിപ്പിക്കുകയായിരുന്നെന്ന് രാമേശ്വരത്തെ മത്സ്യബന്ധന തൊഴിലാളി സംഘടന പ്രസിഡന്‍റ് എന്‍. ദേവദോസ് പറഞ്ഞു. ബോട്ടിലുണ്ടായിരുന്ന വലകളും മറ്റും പിടിച്ചെടുക്കുകയും ചെയ്‌തു. ഏകദേശം 50 ബോട്ടുകളിലുണ്ടായിരുന്ന വലകൾ ഇവർ തകർത്തു. ബോട്ടിന്‍റെ ഗിയറും നശിപ്പിച്ചതായി ദേവദോസ് പറഞ്ഞു.
തമിഴ്‌നാട് മത്സ്യബന്ധന തൊഴിലാളികളുടെ മേൽ തുടർച്ചയായി ഉണ്ടാകുന്ന ലങ്കൻ സര്‍ക്കാരിന്‍റെ അതിക്രമത്തിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും പരാതി നൽകിയിട്ടുണ്ടെന്നും ദേവദോസ് കൂട്ടിച്ചേർത്തു. ശ്രീലങ്കൻ തീരത്ത് അനധികൃതമായി മത്സ്യബന്ധനം നടത്തുന്നുവെന്നാരോപിച്ച് ലങ്കൻ നാവിക സേന തമിഴ്‌നാട് സ്വദേസികളായ എട്ട് മത്സ്യത്തൊഴിലാളികളെ ഇന്നലെ പിടികൂടിയിരുന്നു. ഇവരെ തുടര്‍ നടപടികള്‍ക്കായി ജാഫ്‌നയിലെ അസിസ്റ്റന്‍റ് ഫിഷറീസ് ഡയറക്‌ടർക്ക് കൈമാറി. മൂന്ന് പതിറ്റാണ്ടിലേറെയായി മത്സ്യബന്ധന മേഖലയിൽ തമിഴ്‌നാടും ശ്രീലങ്കയും തമ്മിലുള്ള തർക്കം തുടരുകയാണ്. ഈ കാലയളവിൽ നൂറുകണക്കിന് തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.