അമരാവതി: ആന്ധ്രാപ്രദേശിൽ അഞ്ച് മാസത്തിനിടെ സജീവ കേസുകളുടെ എണ്ണം പതിനായിരത്തിൽ താഴെയായി. സംസ്ഥാനത്ത് ഇതുവരെ ഒരു കോടിയിലേറെ സാമ്പിളുകൾ പരിശോധിച്ചു. 620 കൊവിഡ് കേസുകൾ കൂടി പുതുതായി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,67,683 ആയി ഉയർന്നു. കഴിഞ്ഞ നാല് മാസമായി 50,000 ലധികം ആർടി-പിസിആർ പരിശോധനകളാണ് പ്രതിദിനം നടത്തുന്നത്.
ഇതുവരെ 1,00,17,126 സാമ്പിളുകളുടെ പരിശോധനകൾ പൂർത്തിയായി. സംസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 8.66 ശതമാനമാണ്. 24 മണിക്കൂറിനുള്ളിൽ 3,787 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 8,52,298 ആണ്. ഏഴ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 6,988 ആയി ഉയർന്നു. രോഗമുക്തി നിരക്ക് 97.86 ശതമാനമായപ്പോൾ മരണനിരക്ക് 0.81 ശതമാനമാണ്.
പശ്ചിമ ഗോദാവരിയിൽ 107, ഗുണ്ടൂരിൽ 101, കൃഷ്‌ണയിൽ 85, ചിറ്റൂരില്‍ 64 എന്നിങ്ങനെയാണ് പുതിയതായി കേസുകൾ റിപ്പോർട്ട് ചെയ്‌തത്. 24 മണിക്കൂറിനുള്ളിൽ ഒമ്പത് ജില്ലകളിൽ നിന്നും അമ്പതിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഈസ്റ്റ് ഗോദാവരിയിൽ ഇതുവരെ 1,22,246 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,20,420 പേർ രോഗമുക്തി നേടിയപ്പോൾ 636 പേർ മരിച്ചു.
കിഴക്കൻ ഗോദാവരിയോടൊപ്പം ഗുണ്ടൂരിൽ 1,301, കൃഷ്‌ണയിൽ 1,387 എന്നിങ്ങനെയാണ് സജീവ കേസുകൾ. പത്ത് ജില്ലകളിൽ ആയിരത്തിൽ താഴെയും മൂന്ന് ജില്ലകളിൽ 200 ൽ താഴെയും സജീവ കേസുകളുണ്ട്. 24 മണിക്കൂറിനുള്ളിൽ കൃഷ്‌ണയിലും വിശാഖപട്ടണത്തും രണ്ട് പുതിയ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തപ്പോൾ ചിറ്റൂർ, ഗുണ്ടൂർ, വെസ്റ്റ് ഗോദാവരി എന്നിവിടങ്ങളില്‍ ഓരോ മരണവും റിപ്പോർട്ട് ചെയ്‌തു.