ഭുവനേശ്വര്‍: മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്ന് 1700 കിലോമീറ്റർ സൈക്കിളില്‍ യാത്ര ചെയ്‌ത് സ്വദേശത്ത് എത്തിയ അതിഥി തൊഴിലാളി ക്വാറന്‍റൈൻ കാലയളവ് പൂര്‍ത്തിയാക്കി. മഹേഷ് ജെന എന്ന 20കാരനാണ് ലോക്ക് ഡൗൺ സമയത്ത് കിലോമീറ്ററുകളോളം സൈക്കിൾ ചവിട്ടി സ്വന്തം നാട്ടിലെത്തിയത്.
മഹാരാഷ്ട്രയിലെ ഒരു കമ്പനിയിലായിരുന്നു മഹേഷ് ജെന ജോലി ചെയ്‌തിരുന്നത്. അവിടെ പ്രതിമാസം 8000 രൂപയായിരുന്നു ശമ്പളം. എന്നാല്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് ശമ്പളം ലഭിച്ചില്ലെന്നും ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടെന്നും ഇയാൾ പറയുന്നു. അതിനാലാണ് സ്വദേശമായ ഒഡിഷയിലെ ജയ്‌പൂരിലേക്ക് എത്താൻ ശ്രമിച്ചതെന്നും മഹേഷ് ജെന പറഞ്ഞു.
സുഹൃത്തിൽ നിന്ന് 3000 രൂപ കടംവാങ്ങി ഏപ്രിൽ ഒന്നിനാണ് മഹേഷ് ജെന സാംഗ്ലിയിൽ നിന്ന് സൈക്കിൾ യാത്ര ആരംഭിച്ചത്. യാത്രയ്ക്കിടെ ഭക്ഷണമൊന്നും ലഭിക്കാത്ത ദിവസങ്ങളുണ്ടായിരുന്നു. ചില ദിവസങ്ങളിൽ റോഡരികിലെ ധാബകളിൽ നിന്ന് ഭക്ഷണം കഴിച്ചു. സൈക്കിൾ ഹൈദരാബാദില്‍ വെച്ച് പഞ്ചറാവുകയും ചെയ്‌തിരുന്നു. നിരവധി പ്രശ്‌നങ്ങളെ നേരിട്ട ശേഷം ഏപ്രിൽ ഏഴിനാണ് ജയ്‌പൂരിലെത്തിയതെന്ന് മഹേഷ് ജെന പറഞ്ഞു. അതിർത്തിയിലെത്തിയ ശേഷം ഇയാൾ ആരോഗ്യ ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കുകയും സ്വയം ക്വാറന്‍റൈനില്‍ പ്രവേശിക്കുകയുമായിരുന്നു.
എല്ലാ ദിവസവും 14-15 മണിക്കൂർ സൈക്കിൾ ചവിട്ടുകയും യാത്ര ചെയ്യുകയും ചെയ്‌തതിനാൽ ഏഴ് ദിവസത്തിനുള്ളിൽ തന്‍റെ യാത്ര പൂർത്തിയാക്കാൻ കഴിഞ്ഞതായി മഹേഷ് ജെന പറഞ്ഞു. രാത്രിയിൽ ക്ഷേത്രങ്ങൾ പോലുള്ള സുരക്ഷിതമായ സ്ഥലങ്ങളില്‍ തങ്ങിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അതിർത്തിയിൽ പൊലീസുകാര്‍ തടഞ്ഞിരുന്നു. എന്നാൽ മഹാരാഷ്ട്രയിൽ നിന്ന് വരുകയാണെന്നും ഒഡിഷയിലേക്കുള്ള യാത്രയിലാണെന്നും പറയുമ്പോൾ അവർ പോകാൻ അനുവദിച്ചിരുന്നു. താൻ തമാശ പറയുകയാണെന്ന് അവർ വിചാരിച്ചിരിക്കാമെന്നും മഹേഷ് ജെന സ്വന്തം നാട്ടിലെത്തിയ ആശ്വാസത്തോടെ പറയുന്നു.