ലക്‌നൗ: അയോധ്യ രാമക്ഷേത്ര നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര ശനിയാഴ്‌ച അയോധ്യ സന്ദര്‍ശിക്കും. രാമക്ഷേത്രത്തിന്‍റെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള നടപടികൾക്ക് മുന്നോടിയായാണ് സന്ദര്‍ശനം. ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള നൃപേന്ദ്ര മിശ്രയുടെ ആദ്യ അയോധ്യ സന്ദര്‍ശനം കൂടിയാണിത്. നിര്‍മോഹി അഖാര നേതാവ് മഹന്ത് ധീരേന്ദ്ര ദാസുമായും നൃപേന്ദ്ര കൂടിക്കാഴ്‌ച നടത്തും. രാം ലല്ല വിഗ്രഹങ്ങളുടെ സ്ഥാനമാറ്റത്തെ കുറിച്ച് നൃപേന്ദ്രയുടെ നേതൃത്വത്തില്‍ ധാരണയിലെത്തും. മാര്‍ച്ച് 25ന് ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് മുമ്പ് തന്നെ വിഗ്രഹങ്ങൾ മാറ്റിയേക്കും.
അതേസമയം രാമായണം അടിസ്ഥാനമാക്കി മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ക്ലേവ് അടുത്ത മാസം ആദ്യം അയോധ്യയില്‍ സംഘടിപ്പിക്കും. രാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ ദാസ് പരിപാടിയുടെ ഉദ്‌ഘാടനം നിര്‍വഹിക്കും. ശ്രീരാമന്‍റെ ജീവിതത്തെക്കുറിച്ചും സമൂഹത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചുമുള്ള ചർച്ചകൾ ഇതിന്‍റെ ഭാഗമായി നടക്കും. 200ഓളം കലാകാരന്മാര്‍ അണിനിരക്കുന്ന പ്രദര്‍ശനവും സംഘടിപ്പിക്കും. ആര്‍എസ്‌എസ് സാംസ്‌കാരിക വിഭാഗമായ സന്‍സ്‌കാര്‍ ഭാരതിയും അയോധ്യ ഗവേഷണ കേന്ദ്രവും അവാധ് സർവകലാശാലയും ചേര്‍ന്നാണ് പരിപാടിക്ക് നേതൃത്വം നല്‍കുക.