ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനകം രാജ്യത്തെ ചെറുകിട-ഇടത്തരം വ്യവസായ രംഗത്ത് നാല് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരി. 11 കോടി പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും ചെറുകിട-ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‌കരി വ്യക്തമാക്കി. ചെറുകിട-ഇടത്തരം വ്യവസായ രംഗത്തിന് വളര്‍ച്ചയെ പിന്താങ്ങുന്ന ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ചെറുകിട-ഇടത്തരം വ്യവസായ മേഖല ജിഡിപിയില്‍ സംഭാവന ചെയ്യുന്ന 29% ഈ സാമ്പത്തിക വര്‍ഷം 50% ആയി ഉയര്‍ത്തും. ഇതിനായി മന്ത്രാലയം 7011 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 2018-19 വര്‍ഷത്തില്‍ 6552 കോടി രൂപയാണ് മാറ്റിവച്ചത്. പെട്രോള്‍-ഡീസല്‍ വിലവര്‍ധന സംബന്ധിച്ച ചോദ്യത്തിന് അധികമായി ലഭിക്കുന്ന തുക അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 5% മാത്രം നികുതി ചുമത്തിയ ധനമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നു. ഇത് രാജ്യത്തിനകത്ത് ഇലക്ട്രിക് വാഹന നിര്‍മാണത്തിന് ഗുണകരമാകും. വാഹന നിര്‍മാണ മേഖലയില്‍ ഉടന്‍ ഇന്ത്യ വന്‍ ശക്തിയാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.