പാറ്റ്‌ന: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് ബൃന്ദ കാരാട്ട്. ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി രാജ്യത്തെ തകര്‍ക്കുന്ന മുന്നണിയാണെന്ന് ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു. ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് എന്‍ഡിഎ സര്‍ക്കാരിന്‍റെ നയങ്ങളില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. ജെഡിയുവും ബിജെപിയും നേതൃത്വം നല്‍കുന്ന സര്‍ക്കാരിനോടുള്ള ജനങ്ങളുടെ നിലപാട് വ്യക്തമാണ്. ഞങ്ങള്‍ ആവശ്യത്തിലധികം അനുഭവിച്ചു എന്നാണ് ജനങ്ങളുടെ പക്ഷം, ആ മനോഭാവം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും പ്രതിപക്ഷം നയിക്കുന്ന മഹാസഖ്യം അധികാരത്തില്‍ വരുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
എന്‍ഡിഎ മുന്നണി രാജ്യത്തെ ദുരന്ത മുന്നണിയാണെന്ന് പറഞ്ഞ ബൃന്ദ കാരാട്ട് അഭിമാനത്തോടെ ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ എന്‍ഡിഎ സര്‍ക്കാരുകള്‍ ഇല്ലാതാക്കുകയാണെന്നും അഭിപ്രായപ്പെട്ടു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ബിഹാറിലെ ജനങ്ങള്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ ബൃന്ദ കാരാട്ട് ഉയര്‍ത്തിക്കാട്ടി. ലോക്ക് ഡൗണ്‍ കാലത്ത് തൊഴിലും, താമസസ്ഥലവുമില്ലാതെ അലഞ്ഞു നടന്ന ബിഹാര്‍ ജനതയോട് നിതീഷ് കുമാര്‍ സര്‍ക്കാര്‍ യാതൊരു കരുണയും കാട്ടിയില്ല. നൂറ് കണക്കിന് കിലോമീറ്റുകള്‍ നടന്നാണ് പല കുടിയേറ്റ തൊഴിലാളികളും തങ്ങളുടെ വീടുകളിലെത്തിയത്. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാൻ സര്‍ക്കാര്‍ തയാറായില്ല. പിന്നീട് സ്വന്തം നാടുകളില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചു. അതോടെ ജീവിക്കാൻ തൊഴില്‍ തേടി സ്വന്തം നാട് വിട്ട് പോകേണ്ട അവസ്ഥയിലേക്ക് ജനങ്ങള്‍ വീണ്ടും എത്തിപ്പെട്ടെന്നും ബൃന്ദ കാരാട്ട് കുറ്റപ്പെടുത്തി.
പ്രചാരണവേളയിലെ ജനങ്ങളുടെ പ്രതികരണത്തില്‍ നിന്ന് മഹാസഖ്യം വിജയം നേടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വ്യക്തമാണ്. സംസ്ഥാനത്തെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പ്രധാമന്ത്രി നരേന്ദ്ര മോദിയുടെയും, മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ശ്രമങ്ങള്‍ ഇവിടെ വിലപ്പോകില്ലെന്നും ജനങ്ങളുടെ ഉന്നമനം മാത്രം ലക്ഷ്യം വയ്‌ക്കുന്ന ഒരു സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി. ആര്‍ജെഡി നേതൃത്വം നല്‍കുന്ന മഹാസഖ്യത്തില്‍ കോണ്‍ഗ്രസിനൊപ്പമാണ് സിപിഎം, സിപിഐ, സിപിഐ (എംഎല്‍) പാര്‍ട്ടികള്‍ അണിനിരക്കുന്നത്.