മുംബൈ: ചൊവ്വാഴ്‌ച മുതല്‍ പ്രതിദിനം 100 ആഭ്യന്തര വിമാന സർവീസുകൾ നടത്താൻ മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കി. 50 വിമാന വരവുകൾക്കും 50 പുറപ്പെടലുകൾക്കുമാണ് അനുമതി നല്‍കിയത്. നേരത്തെ പ്രതിദിനം 50 ആഭ്യന്തര വിമാന സർവീസുകൾ നടത്താനാണ് അനുവദിച്ചിരുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വിമാനത്താവളത്തിന്‍റെ സുഗമമായ പ്രവർത്തനത്തിനുമായി നിരന്തരം പരിശ്രമിക്കുന്നുണ്ടെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ആഭ്യന്തര വിമാന യാത്രക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതോടെ വിമാന സര്‍വീസുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായുള്ള ലോക്ക് ഡൗണിനെത്തുടര്‍ന്ന് മാർച്ച് 25 മുതല്‍ എല്ലാ അന്താരാഷ്‌ട്ര, ആഭ്യന്തര വിമാന സര്‍വീസുകളും താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്നു. മെയ് 25നാണ് രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചത്.