ഭോപാൽ: ആരോഗ്യവകുപ്പ് കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും ശിശു മരണ നിരക്ക് ഇപ്പോഴും നിയന്ത്രണവിധേയമല്ലെന്ന് കണക്കുകൾ. 2019 ഡിസംബർ 1നും ഡിസംബർ 31നും ഇടയിൽ മാത്രം 74 ശിശു മരണങ്ങളാണ് മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്‌തത്. ദേശീയ ആരോഗ്യമിഷനാണ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. നവജാത ശിശുക്കളുടെ മരണത്തിന് വ്യത്യസ്‌തമായ കാരണങ്ങളാണ് ആശുപത്രി മാനേജ്മെന്‍റുകള്‍ പറയുന്നത്.
ശരിയായ പരിചരണവും ചികിത്സയും ഇല്ലാത്തതിനാലാണ് നവജാത ശിശുക്കളുടെ മരണം നടക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ശിശു മരണത്തിന്‍റെ മറ്റൊരു കാരണം സമയത്തിനു മുന്നേയുള്ള പ്രസവമാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഒരു നവജാതശിശുവിന്‍റെ ഭാരം 3 കിലോഗ്രാം ആയിരിക്കണമെന്ന് എൽജിൻ ഹോസ്‌പിറ്റലിലെ ഡോക്ടർ സഞ്ജയ് മിശ്ര പറയുന്നു. എന്നാൽ സമീപകാലത്ത് 800 മുതൽ 900 ഗ്രാം മാത്രം ഭാരമുള്ള കുട്ടികൾ ജനിക്കുന്നു. ജനിക്കുമ്പോൾ തന്നെ ഈ കുഞ്ഞുങ്ങളുടെ വൃക്ക, ഹൃദയം എന്നിവ അവികസിതമായി തുടരുന്നു. അതിനാലാണ് മരണ നിരക്ക് ഇത്രയും കൂടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.