സാന്‍റാ(മധ്യപ്രദേശ്): സാന്‍റാ കോളജിന് സമീപം കഴിഞ്ഞദിവസമുണ്ടായ വെടിവെപ്പില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കോളജിലെ വിദ്യാർഥി ബാദല്‍ സിങ്ങാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കോളജ് കവാടത്തിന് സമീപത്ത് നിന്നും ഒരു വിദ്യാർഥി ആകാശത്തേക്ക് വെടിയുതിർക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതേ തുടർന്ന് കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് വിദ്യാർഥിയെ പിടികൂടുകയായിരുന്നു. കാവല്‍ക്കാരന്‍റെ തോക്കുപയോഗിച്ചാണ് വെടിവെപ്പ് നടത്തിയതെന്നും ഇക്കാര്യം ഉൾപ്പെടെ അന്വേഷിക്കുമെന്നും എസ് പി റിയാസ് ഇഖ്ബാല്‍ വ്യക്തമാക്കി.
കോളജിലെ രണ്ട് വിഭാഗങ്ങൾക്കിടയില്‍ സംഘർഷം പതിവായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വെടിവെപ്പ് ഉണ്ടായത് സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണോയെന്ന് പൊലീസ് അന്വേഷിച്ച് വരുകയാണ്. സംഭവത്തില്‍ പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.