ഇംഫാൽ: ലോക് ഡൗൺ കാരണം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന മണിപ്പൂർ സ്വദേശികളുടെ അക്കൗണ്ടിൽ 2,000 രൂപ സർക്കാർ നിക്ഷേപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 2,700 പേർക്കാണ് ധനസഹായം നൽകിയതെന്ന് മുഖ്യമന്ത്രി വീഡിയോയിലൂടെ അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കുന്നതിനും, സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറായി നിയമിച്ചു. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ നിരവധി മണിപ്പൂർ സ്വദേശികൾ തങ്ങൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് വീഡിയോ വഴി സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു.
ലോക് ഡൗൺ മെയ് മൂന്ന് വരെ നീട്ടിയ പ്രധാനമന്ത്രിയുടെ തീരുമാനത്തെ ബിരേൻ സിങ് അഭിനന്ദിച്ചു. അവശ്യവസ്‌തുക്കളുടെ മതിയായ ശേഖരം സംസ്ഥാനത്തിനുണ്ടെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കുന്ന ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു. അതേസമയം മന്ത്രിമാർ, സിവിൽ സർവീസ് ഉദ്യോഗസ്ഥർ, അഡ്വക്കേറ്റ് ജനറൽ, മറ്റ് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ അവരുടെ ഒരു ദിവസത്തെ ശമ്പളം ചേർത്ത് 25,90,607 രൂപ മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ ഫണ്ടിന് നൽകി.