ജമ്മു കശ്മീരിലെ അവന്തിപോരയില്‍ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. വയനാട് ലക്കിടി സ്വദേശി വി.വി. വസന്തകുമാറാണ് കൊല്ലപ്പെട്ട മലയാളി. സിആര്‍പിഎഫ് എണ്‍പത്തിരണ്ടാം ബറ്റാലിയനില്‍ കോണ്‍സ്റ്റബിള്‍ ആയിരുന്നു വസന്തകുമാര്‍.
ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര മന്ത്രിസഭാ സുരക്ഷാ സമിതി ഇന്ന് അടിയന്തര യോഗം ചേരും. സ്ഥിതിഗതികളും തുടര്‍ നടപടികളും യോഗത്തില്‍ ചര്‍ച്ചയാവും. ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമണത്തെ ശക്തമായി അപലപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ബിഹാര്‍ സന്ദര്‍ശനം റദ്ദാക്കി ഇന്ന് കശ്മീരിലെത്തും. രാജ്യ വിരുദ്ധവും ക്രമാസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നതുമായ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യരുതെന്ന് കേന്ദ്രം മാധ്യമങ്ങള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
പുല്‍വാമ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭയും ലോകരാഷ്ട്രങ്ങളും രംഗത്തെത്തി. പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും യു.എന്‍ വ്യക്തമാക്കി. അതേസമയം, ഭീകരാക്രമണത്തില്‍ ബന്ധമില്ലെന്ന് പാകിസ്ഥാൻ അറിയിച്ചു. സംഭവം അപലപനീയമെന്നും പാക് വിദേശ കാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അതിനിടെ ജെയ്ഷേ ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്സറിനെ ഭീകരവാദിയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ആവര്‍ത്തിച്ചു. നീക്കത്തിന് അന്താരാഷ്ട്ര സമൂഹത്തിന്‍റെ സഹകരണവും ഇന്ത്യ തേടിയിട്ടുണ്ട്. പുല്‍വാമാ ഭീകരാക്രമണത്തിന് പിന്നാലെ അതിര്‍ത്തിയിലും കശ്മീരിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 15 ഓളം കശ്മീര്‍ ഗ്രാമങ്ങളാണ് ഭീകരരെ തേടി സൈന്യം വളഞ്ഞിരിക്കുന്നത്. താഴ്വരയിലെ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങളും വിച്ഛേദിച്ചു. ഇന്ത്യാ അതിര്‍ത്തിയില്‍ പാക്കിസ്ഥാനും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജമ്മു കശ്മീരില്‍ ഇന്ത്യൻ സേനയ്ക്ക് നേരെയുണ്ടാകുന്ന ഏറ്റവും കനത്ത ഭീകരാക്രമണമാണ് പുല്‍വാമയിലേത്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്കു പോയ സൈനിക വാഹനവ്യൂഹത്തിനു നേരെയായിരുന്നു ആക്രമണം. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹനങ്ങൾക്കു നേരെ ഭീകരർ ഇടിച്ചു കയറ്റുകയായിരുന്നു. ജയ്ഷെ മുഹമ്മദ് അംഗം ആദിൽ അഹമ്മദാണ് ചാവേറാക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചു. പുൽവാമ സ്വദേശിയായ ഇയാള്‍ 2018 ലാണ് ജയ്ഷെ മുഹമ്മദിൽ ചേര്‍ന്നത്. സ്ഫോടനശബ്ദം 12 കിലോമീറ്റര്‍ അകലെവരെ കേട്ടു. 2500 ലേറെ സൈനികരാണ് ആക്രമണം നടക്കുമ്പോൾ 78 വാഹനങ്ങളിലായി ഉണ്ടായിരുന്നത്.