ഭുവനേശ്വർ: ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും മഹാത്മാ ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാർഷികാഘോഷവും ഗാന്ധി സ്‌മൃതിയും മഹത്തരമായി നടന്നു. എന്നാൽ, എല്ലാ ദിവസവും ഗാന്ധിജിയെ ആദരിക്കുന്ന അപൂർവ്വം രണ്ട് ക്ഷേത്രങ്ങളാണ് ഒഡീഷയിലെ സമ്പൽപൂറിലും ഗഞ്ചമിലുമുള്ളത്.
1974 ൽ എം എൽ എയായിരുന്ന അഭിമന്യു കുമാറാണ് സമ്പൽപൂറിൽ രാഷ്‌ട്ര പിതാവിന്‍റെ വെങ്കല പ്രതിമ നിർമ്മിച്ചത്. 1934ലെ ഗാന്ധിയുടെ സമ്പൽപൂർ സന്ദർശനത്തിന്‍റെ ഓർമ്മയ്ക്കായാണ് പ്രതിമ സ്ഥാപിച്ചത്. ജാതീയ- വർണ്ണ വിവേചനത്തിനെതിരെ പോരാടിയ മഹാത്മജിയെ ഇവിടെ ദലിത് ദൈവമായാണ് ആദരിക്കുന്നത്.
1921 നും 1946 നും ബെർഹാംപൂറിലെ ഗാന്ധി സന്ദർശനത്തിന്‍റെ ഓർമ്മയ്ക്കായി ഗഞ്ചം ജില്ലയിലെ ഗാന്ധി പ്രതിമ, ക്ഷേത്രത്തിലെ രാമനും ശിവനും അടക്കമുള്ള മറ്റ് ആരാധന ദൈവങ്ങൾക്കൊപ്പമാണ് പ്രതിഷ്‌ടിച്ചിരിക്കുന്നത്. അന്നത്തെ സന്ദർശനത്തിൽ ഗാന്ധിജിയുണ്ടാക്കിയ പ്രചോദനമാണ് ബെർഹാംപൂർ നിവാസികളെ പ്രതിമാ സ്ഥാപനത്തിലേക്ക് നയിച്ചത്.