റാഞ്ചി: കാലിത്തീറ്റ കുംഭകോണത്തിലെ ഡോർഡ ട്രഷറി അഴിമതി കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനിടെ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് സ്വീകരിച്ചത് നിഷേധാത്മകത നിലപാടെന്ന് സിബിഐ അഭിഭാഷകൻ. ചോദിച്ച 34 ചോദ്യങ്ങൾക്കും നിഷേധാത്മ നിലപാടാണ് ലാലു പ്രസാദ് സ്വീകരിച്ചത്. തട്ടിപ്പ് വഴി നേടിയ പണം രാഷ്ട്രീയക്കാർക്ക് വിമാന ടിക്കറ്റ് എടുക്കാനോ, അതിഥികളെ സ്വീകരിക്കാനോ ഉപയോഗിച്ചോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയായ താൻ എന്തിനാണ് വിമാനടിക്കറ്റ് എടുക്കുന്നതെന്നായിരുന്നു ലാലുവിന്‍റെ മറുചോദ്യം.
ജാർഖണ്ഡിലെ ഡോർഡ ട്രഷറിയിൽനിന്ന് 139.35 കോടി തട്ടിയെന്ന കേസിൽ റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് ലാലുപ്രസാദ് യാദവ് ഹാജരായത്. രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്ന ലാലുവിനെ കനത്ത സുരക്ഷയിലാണ് സിബിഐ കോടതിയിൽ എത്തിച്ചത്.
1991–95 കാലത്തു വ്യാജ രേഖകൾ സമർപ്പിച്ച് ട്രഷറിയിൽ നിന്ന് പണം തട്ടിയെന്ന ആരോപണം ലാലുപ്രസാദ് യാദവ് നിഷേധിച്ചു. നിലവിൽ 575 സാക്ഷികളും 111 പ്രതികളുമാണ് കേസിലുള്ളത്. 170 പേർക്കെതിരെ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. ബിഹാർ മൃഗസംരക്ഷണ വകുപ്പിനുവേണ്ടി കാലിത്തീറ്റയും മരുന്നുകളും വാങ്ങിയ വകയിൽ വ്യാജബില്ലും രസീതും നൽകി 1981 മുതൽ സംസ്ഥാനത്തെ ട്രഷറികളിൽ നിന്ന് 950 കോടി തട്ടിയെടുത്തു എന്നതാണ് കാലിത്തീറ്റ കുംഭകോണം. ഇതുമായി ബന്ധപ്പെട്ട് ആറു കേസുകളാണ് ഉള്ളത്.