ന്യൂഡൽഹി: ദേശീയ കായിക പുരസ്‌കാരങ്ങൾക്കുള്ള സമ്മാന തുക വർധിപ്പിച്ചുവെന്ന് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു. അർജുന പുരസ്‌കാരത്തിന്‍റെ സമ്മാന തുക അഞ്ച് ലക്ഷത്തിൽ നിന്ന് 15 ലക്ഷമായും ഖേൽ രത്‌ന പുരസ്‌കാരത്തിന്‍റെ സമ്മാന തുക ഏഴര ലക്ഷത്തിൽ നിന്ന് 25 ലക്ഷമായും ഉയർത്തിയെന്ന് അദ്ദേഹം അറിയിച്ചു. കായിക പുരസ്‌കാരങ്ങളുടെ സമ്മാന തുക അവസാനമായി വർധിപ്പിച്ചത് 2009ൽ ആയിരുന്നു.
ഇന്ന് നടക്കുന്ന ദേശീയ കായിക, സാഹസിക പുരസ്‌കാര വെർച്വൽ പരിപാടിയിൽ 60 അവാർഡ് ജേതാക്കളാണ് പങ്കെടുക്കേണ്ടത്. എന്നാൽ ഇതിൽ 14 പേർ ആരോഗ്യ കാര്യങ്ങളാലും മറ്റ് പല കാരണങ്ങൾ മൂലവും പങ്കെടുക്കില്ലെന്ന് സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ദേശീയ കായിക പുരസ്‌കാര ദാന ചടങ്ങ് വെർച്വൽ ആയി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ രാഷ്‌ട്രപതി റാം നാഥ് കോവിന്ദ് ജേതാക്കൾക്ക് വെർച്വൽ മോഡിൽ പുരസ്‌കാരം സമ്മാനിക്കും.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ജേതാക്കൾ വെർച്വൽ രീതിയിൽ പുരസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നത്. കായിക മന്ത്രി കിരൺ റിജിജു, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് നരേന്ദ്ര ധ്രുവ് ബാത്ര തുടങ്ങി നിരവധി വിശിഷ്‌ടാതിഥികൾ ചടങ്ങിൽ പങ്കെടുക്കും.