ബെംഗളൂരു: കൊവിഡ് 19നെ തുടർന്ന് വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പതിനായിരത്തിലധികം ആളുകളെ പാര്‍പ്പിക്കാൻ സംസ്ഥാനം സജ്ജമാണെന്ന് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടകയിലേക്ക് മടങ്ങിയെത്തുന്ന 10,823 പേരെ ക്വാറന്‍റൈനിലാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും തയാറാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇവര്‍ കൃത്യമായ ക്വാറന്‍റൈൻ മാര്‍ഗ നിര്‍ദേശങ്ങൾ പാലിക്കേണ്ടി വരുമെന്ന് ആരോഗ്യ കമ്മിഷണർ പങ്കജ് കുമാർ പാണ്ഡെ പറഞ്ഞു.
കേന്ദ്രത്തിന്‍റെ കണക്കുകൾ പ്രകാരം ഏപ്രില്‍ 30നകം 10,823 കര്‍ണാടകക്കാരാണ് വിദേശത്ത് കുടുങ്ങിയത്. ഇവരില്‍ 4,408 വിനോദസഞ്ചാരികളും 3,074 വിദ്യാർഥികളും 2,784 കുടിയേറ്റക്കാരും പ്രൊഫഷണലുകളും 557 കപ്പൽ ജീവനക്കാരും ഉൾപ്പെടുന്നു. കേന്ദ്ര നിര്‍ദേശമനുസരിച്ച് 10,823 പേരിൽ 6,100 പേർ തിരിച്ചെത്തുന്നാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും എത്തുന്ന എല്ലാ യാത്രക്കാരെയും നിർബന്ധമായും പരിശോധിക്കും.
ഇവരെത്തുന്ന പോയിന്‍റുകളില്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ഫോം നല്‍കും. കൂടാതെ തെർമൽ സ്ക്രീനിങ്, പൾസ് ഓക്‌സിമീറ്റർ റീഡിങ് എന്നിവക്കും വിധേയമാക്കും. ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിക്കും. രക്താതിമർദ്ദം, പ്രമേഹം, ആസ്‌മ, മറ്റ് ശ്വാസകോശ രോഗങ്ങൾ, ക്യാൻസർ, ക്ഷയം തുടങ്ങി അസുഖങ്ങളുള്ളവര്‍ അധികൃതരെ വിവരം ധരിപ്പിക്കേണ്ടതാണ്.
നാട്ടിലേക്ക് മടങ്ങി എത്തുന്നവരെ മൂന്ന് കാറ്റഗറികളാക്കി തരംതിരിക്കും. കാറ്റഗറി എ - രോഗലക്ഷണമുള്ളവര്‍, കാറ്റഗറി ബി- മറ്റ് രോഗങ്ങളുള്ളവരും 60 വയസിന് മുകളില്‍ പ്രായമുള്ളവരുമായ കൊവിഡ് രോഗലക്ഷണമില്ലാത്തവര്‍, കാറ്റഗറി സി- രോഗ ലക്ഷണമില്ലാത്ത മറ്റ് യാത്രക്കാര്‍ എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. ആളുകൾ എത്തുന്ന മുറക്ക് അവര്‍ ക്വാറന്‍റൈനില്‍ പ്രവേശിക്കേണ്ട സ്ഥലവും സമയവും അറിയിക്കും.
കാറ്റഗറി എയിലുള്ളവര്‍ പ്രത്യേകമായ ക്വാറന്‍റൈൻ കേന്ദ്രത്തില്‍ 14 ദിവസം കഴിയണം. കാറ്റഗറി ബിയിലുള്ളവരെ ഒരു ഹോട്ടലിലോ ഹോസ്റ്റലിലോ ഒരാഴ്‌ച നിരീക്ഷണത്തില്‍ പാര്‍പ്പിക്കും. തുടർന്ന് വീട്ടിൽ ഒരാഴ്‌ച കൂടി ക്വാറന്‍റൈനില്‍ തുടരണം. കാറ്റഗറി സിയിലുള്ളവര്‍ സ്വന്തം വീടുകളില്‍ 14 ദിവസം ക്വാറന്‍റൈനില്‍ കഴിയണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെയും കൈകാര്യം ചെയ്യുന്നതിനായി സർക്കാർ വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരെയും പൊലീസിനെയും മറ്റ് നിരവധി വകുപ്പുകളെയും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.