ETV Bharat / bharat

ചൈന പിന്നില്‍ നിന്നും കുത്തുന്നു, ചോദ്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കൃത്യമായി മറുപടി പറയണം: കമല്‍ഹാസന്‍ - Kamal Haasan terms China back stabber, seeks answer from PM

അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് തടയണമെന്നും ചില വിവരങ്ങള്‍ പരസ്യമാക്കാന്‍ കഴിയാത്തതാവാമെങ്കിലും സൈന്യത്തെ സംശയിക്കരുതെന്ന് പറഞ്ഞ് പ്രധാനമന്ത്രി ചോദ്യങ്ങളെ നേരിടുന്നത് ശരിയല്ലെന്നും കമല്‍ ഹാസന്‍

kamal
kamal
author img

By

Published : Jun 21, 2020, 10:39 PM IST

ചെന്നൈ: ജൂണ്‍ 15ന് നടന്ന ലഡാക്ക് സംഘര്‍ഷത്തില്‍ പ്രതികരണവുമായി നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ഹാസന്‍. ചൈനയുടെ പിന്നില്‍ നിന്നുള്ള കുത്തേറ്റ് ഇന്ത്യയുടെ ധീരരായ 20 സൈനികരാണ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹം പത്രകുറിപ്പിലൂടെ പറഞ്ഞു. ചോദ്യം ഉന്നയിക്കാനുള്ള അവകാശം ജനാധിപത്യത്തിന്‍റെ കാതലാണ്. ജനങ്ങള്‍ സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഉലയുന്നതല്ല സൈന്യത്തിന്‍റെ ആത്മവീര്യം. കരുത്തുറ്റ സൈന്യമാണ് രാജ്യത്തിന്‍റേത്. എന്നാല്‍ അവരുടെ ജീവന്‍ സംരക്ഷിക്കാന്‍ കഴിയണം അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയോടായി നിരവധി ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യത്തെ മറ്റൊല്ലാ പ്രധാനമന്ത്രിമാരേക്കാളും അധികം ചൈനയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതും അവിടം സന്ദര്‍ശിച്ചതും ഇപ്പോഴത്തെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയാണ്. മഹാബലിപുരം ഉച്ചകോടി വന്‍ വിജയമായി വിലയിരുത്തപ്പെട്ടിട്ടും എട്ട് മാസത്തിനുശേഷം ചൈന പിന്നില്‍ നിന്ന് കുത്തി നിരായുധരായ സൈനികര്‍ക്ക് വീരമൃത്യു വരിക്കേണ്ടിവന്നു. നയതന്ത്ര വീഴ്ചയാണ് ഇത് വ്യക്തമാക്കുന്നതെന്ന് കമല്‍ഹാസന്‍ പറഞ്ഞു.

ചൈനയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി കാണുന്നതില്‍ പരാജയപ്പെട്ടു. നയതന്ത്ര വീഴ്ചയുണ്ടായി. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം. കേന്ദ്രസര്‍ക്കാര്‍ എല്ലാ വിവരങ്ങളും പരസ്യമാക്കണം. ഗല്‍വാനില്‍ എന്താണ് അന്ന് സംഭവിച്ചതെന്ന് വ്യക്തമാക്കണം. അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് തടയണം. ചില വിവരങ്ങള്‍ പരസ്യമാക്കാന്‍ കഴിയാത്തതാവാമെങ്കിലും സൈന്യത്തെ സംശയിക്കരുതെന്ന് പറഞ്ഞ് ചോദ്യങ്ങളെ നേരിടുന്നത് ശരിയല്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.