ചെന്നൈ: കെ പളനിസ്വാമി ഉന്നത സ്ഥാനത്തേക്ക് വന്നത് അതിശയകരമാണെന്ന നടന്‍ രജനീകാന്തിൻ്റെ അഭിപ്രായത്തെ പിന്തുണച്ച് കമൽ ഹാസൻ. തമിഴ്‌നാടിൻ്റെ ക്ഷേമത്തിനായി രജനികാന്തിനുമായി കൈകോർക്കുമെന്ന് പറഞ്ഞ കമൽഹാസൻ രാഷ്ട്രീയമായി യോജിക്കുമോ എന്ന ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറി. കമൽഹാസൻ സിനിമയിൽ 60 വർഷം ആഘോഷിക്കുന്ന പരിപാടിയിലാണ് പരാമർശം. സമകാലിക സിനിമയെക്കുറിച്ചുള്ള ചോദ്യത്തിനാണ് മക്കള്‍ നീതി മയ്യം സ്ഥാപകൻ കൂടിയായ കമൽ ഹാസൻ്റെ പ്രതികരണം.
രണ്ട് വർഷം മുമ്പ് പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയാകുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ലായെന്നും അത് സംഭവിക്കുകയായിരുന്നു എന്നുമായിരുന്നു രജനീകാന്തിൻ്റെ പരാമർശം. എന്നാൽ ഭാവിയിൽ യോജിച്ച് പ്രവർത്തിക്കേണ്ട സാഹചര്യം വന്നാൽ തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനായി കമൽ ഹാസനുമായി കൈകോർക്കുമെന്ന് രജനീകാന്ത് പ്രതികരിച്ചു.
2021 ൽ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്ട്രീയ പാർട്ടി ആരംഭിക്കുമെന്ന് സൂപ്പർ താരം രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പളനിസ്വാമി ആകസ്മികമായി മുഖ്യമന്ത്രിയായതല്ലെന്നും മറിച്ച് കഠിനാധ്വാനത്തിലൂടെ പാർട്ടിയിൽ മുന്നേറിയ വ്യക്തിയാണെന്നും ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ പ്രതികരിച്ചു.