ഹൈദരാബാദ്: തെലങ്കാനയില്‍ ലോക്ക്‌ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് എംഎല്‍എ നടത്തിയ ജന്മദിന പരിപാടി റിപ്പോര്‍ട്ട് ചെയ്‌തതിന് മാധ്യമ പ്രവര്‍ത്തകന്‍റെ വീട് പൊളിച്ച് നീക്കിയെന്നാരോപണം. ജോലി ചെയ്‌തതിന്‍റെ പേരില്‍ തന്നെ വ്യക്തിഹത്യ ചെയ്യുകയാണെന്നും നിര്‍മാണത്തിലിരിക്കുന്ന വീട് സ്വാധീനം ഉപയോഗിച്ച് പൊളിച്ച് നീക്കിയെന്നും മാധ്യമ പ്രവര്‍ത്തകന്‍ ആരോപിച്ചു. എംഎല്‍എയുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ അഞ്ഞൂറോളം ആളുകളാണ് പങ്കെടുത്തത്. സമൂഹിക അകലമോ മുഖാവരണമോ ഇല്ലാതെയാണ് ആളുകള്‍ ചടങ്ങിലെത്തിയതെന്നും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. അതിന്‍റെ പേരിലാണ് താനിതെല്ലാം അനുഭവിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു.
എന്നാല്‍ ആരോപണം തെലങ്കാന രാഷ്ട്ര സമിതി പാര്‍ട്ടി തള്ളി. വാര്‍ത്തയില്‍ പറഞ്ഞത് പോലെ എംഎല്‍എയുടെ ജന്മദിന ആഘോഷം നടന്നിരുന്നു. പക്ഷേ അതിന്‍റെ പ്രതികാരമായി മാധ്യമ പ്രവര്‍ത്തകനെ വേട്ടയാടാന്‍ തങ്ങള്‍ യോഗി സര്‍ക്കാരല്ലെന്നും പാര്‍ട്ടി വക്താവ് കൃഷങ്ക് പറഞ്ഞു. നിയമം ലംഘിച്ച് നിര്‍മാണം നടത്തിയതിന് മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് നടപടിയെടുത്തത്. ഈ രണ്ട് സംഭവങ്ങളും കൂട്ടിക്കെട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് തെലങ്കാനയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയും ബിജെപിയും രംഗത്തെത്തിയിരുന്നു.