ന്യൂഡൽഹി: ഐഷി ഘോഷ് നേതൃത്വം നൽകുന്ന ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർഥി യൂണിയൻ പ്രതിനിധി സംഘം വെള്ളിയാഴ്ച മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ ശാസ്‌ത്ര ഭവൻ സന്ദർശിക്കും. ഉച്ചക്ക് മൂന്ന് മണിക്കാണ് സന്ദർശനം.
സംഘർഷാന്തരീക്ഷത്തിൽ നിന്നും ജെഎൻയുവിൽ സാധാരണ നില പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും വിദ്യാർഥികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളായ ഫീസ് വർധന ഉൾപ്പെടെയുള്ള കാര്യങ്ങളും ഉന്നത വിദ്യാഭ്യാസ വകുപ്പുമായി നടത്തുന്ന കൂടിക്കാഴ്‌ചയിൽ ചർച്ച ചെയ്യും.
ജെഎൻയു വൈസ് ചാൻസലർ മമിദാല ജഗദീഷ് കുമാർ മാനവ വിഭവശേഷി മന്ത്രാലയം സെക്രട്ടറി അമിത് ഖരെയെയും സന്ദർശിക്കും. വ്യാഴാഴ്‌ച ജെഎൻയുവിൽ നിന്ന് ഐഷി ഘോഷ് നേതൃത്വത്തലുള്ള പ്രതിനിധി സംഘവും പ്രൊ. ഡി.കെ ലോബിയലിന്‍റെ നേതൃത്വത്തിലുള്ള അധ്യാപക സംഘവും അമിത് ഖരെയെ സന്ദർശിച്ചിരുന്നു.
ജനുവരി അഞ്ചിന് ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷ് ഉൾപ്പെടെ മുപ്പതിലധികം വിദ്യാർഥികളെ മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിക്കുകയും പരിക്കേറ്റവരെ എയിംസ് ട്രോമ സെന്‍ററിലേക്ക് കൊണ്ടുപോകുകയും ചെയ്‌തിരുന്നു.