ശ്രീനഗർ: കശ്‌മീരിലെ സമതലപ്രദേശങ്ങളിൽ ഇന്ന് സീസണിലെ ആദ്യ മഞ്ഞുവീഴ്‌ച അനുഭവപ്പെട്ടു. താഴ്‌വരയുടെ ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്‌ച ഉണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ രാത്രിയിൽ സമതലപ്രദേശങ്ങളിൽ നേരിയതും മിതമായതുമായ മഞ്ഞുവീഴ്‌ച ഉണ്ടായതിനെ തുടർന്ന് കുറഞ്ഞ താപനിലയാണ് അനുഭവപ്പെട്ടത്. ഇന്ന് മുതൽ ജമ്മു കശ്‌മീരിലെ മൊത്തത്തിലുള്ള താപനില വർധിക്കുമെന്നും ഡിസംബർ 20 വരെ ഉയർന്ന മഞ്ഞുവീഴ്‌ച ഉണ്ടാകില്ലെന്നും പ്രധാനമായും വരണ്ട കാലാവസ്ഥയായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിശദീകരിച്ചു.
ശ്രീനഗറിൽ ഇന്ന് എട്ട് സെന്‍റിമീറ്റർ വരെ മഞ്ഞ് ലഭിച്ചു. ശ്രീനഗർ-ജമ്മു, ശ്രീനഗർ-ലേ, മുഗൾ റോഡ് എന്നിവയുൾപ്പെടെ എല്ലാ പ്രധാന ദേശീയ പാതകളും അടച്ചു. വിനോദ സഞ്ചാര കേന്ദ്രമായ പഹൽഗാമിൽ 15 ഇഞ്ച് മഞ്ഞും ഗുൽമാർഗിൽ 21.6 സെന്‍റിമീറ്റർ മഞ്ഞും കുപ്‌വര ജില്ലയിൽ നാല് സെന്‍റിമീറ്റർ മഞ്ഞും രേഖപ്പെടുത്തി.
ശ്രീനഗറിൽ മിനിമം താപനില മൈനസ് 0.6 ഡിഗ്രി സെൽഷ്യസും പഹൽഗാമിൽ മൈനസ് 0.9 ഡിഗ്രി സെൽഷ്യസും ഗുൽമാർഗിൽ മൈനസ് നാല് ഡിഗ്രി സെൽഷ്യസുമാണ്. വെള്ളിയാഴ്ച ഉച്ചവരെ ശ്രീനഗർ നഗരത്തിൽ തെളിഞ്ഞ കാലാവസ്ഥ ആയിരുന്നെങ്കിലും പെട്ടെന്നാണ് മഞ്ഞുവീഴ്‌ചയോടെ കാലാവസ്ഥയിൽ വ്യതിയാനം അനുഭവപ്പെട്ടത്.