ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തെ നവംബര്‍ 13 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ചിദംബരത്തെ ചോദ്യം ചെയ്യാനായി ഒരു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന എന്‍ഫോഴ്‌സ്മെന്‍റിന്‍റെ ആവശ്യം ഡല്‍ഹി കോടതി തള്ളി. കസ്റ്റഡി കാലാവധി തീര്‍ന്നതിന് പിന്നാലെയാണ് എന്‍ഫോഴ്‌സ്മെന്‍റ് അധികൃതര്‍ ചിദംബരത്തെ കോടതിയില്‍ ഹാജരാക്കയത്. ചിദംബരത്തിന് ആവശ്യമായ സുരക്ഷ, മരുന്നുകള്‍, പ്രത്യേക സെല്‍ എന്നിവ നല്‍കണമെന്നും തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. പ്രത്യക ആരോഗ്യസ്ഥിതി പരിഗണിച്ച് വീട്ടില്‍ നിന്ന് ഭക്ഷണം എത്തിക്കാന്‍ അനുവദിക്കണമെന്നും കോടതി പറഞ്ഞു.
ഓഗസ്റ്റ് ഇരുപത്തിയൊന്നിനാണ് ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ഒക്ടോബര്‍ ഇരുപത്തിരണ്ടിന് കര്‍ശന ഉപാധികളോടെ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കള്ളപ്പണകേസില്‍ എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയില്‍ ആയതിനാല്‍ ചിദംബരത്തിന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. 2007 ല്‍ പി. ചിദംബരം ധനമന്ത്രി ആയിരിക്കെ ഐ.എന്‍.എക്‌സ് മീഡിയക്ക് 305 കോടിയുടെ വിദേശ ഫണ്ട് സ്വീകരിക്കാന്‍ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്.