ന്യൂഡൽഹി: ഇന്ത്യക്കു പുറത്തേക്ക് വിമാനസർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ. എയർ ഇന്ത്യയുടെ വന്ദേ ഭാരത് മിഷനെ അമേരിക്കയും ഫ്രാൻസും മറ്റ് ചില രാജ്യങ്ങളും എതിർത്തതിനെത്തുടർന്നാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. ലോക്ക് ഡൗൺ പിൻവലിച്ചതിനെത്തുടർന്നുള്ള മാർഗനിർദേശങ്ങളിൽ ഇക്കാര്യം വ്യക്തമാക്കുമെന്നും കേന്ദ്രം അറിയിച്ചു. ജൂൺ 30 നകം ആഭ്യന്തര മന്ത്രാലയം വിശദമായ മാർഗനിർദേശങ്ങൾ കൊണ്ടുവരും.
ന്യൂഡൽഹി-ന്യൂയോർക്ക്, മുംബൈ-ന്യൂയോർക്ക്, ദുബായ്-ഡൽഹി എന്നീ അന്താരാഷ്ട്ര റൂട്ടുകൾ ജൂലൈയിൽ പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്നും യുകെ, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള ചില വിമാനക്കമ്പനികൾക്ക് ഇന്ത്യയിലേക്കും പുറത്തേക്കും വിമാന സർവീസ് നടത്താൻ അനുമതി നൽകുമെന്നും കേന്ദ്രം അറിയിച്ചു. യുഎസ്, യുകെ, യുഎഇ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജമൈക്ക തുടങ്ങി നിരവധി രാജ്യങ്ങൾ അന്താരാഷ്ട്ര വിമാന സർവീസുകൾക്കായി തങ്ങളുടെ വ്യോമാതിർത്തി തുറന്നിട്ടുണ്ട്.
സർക്കാർ കണക്കുകൾ പ്രകാരം, വന്ദേ ഭാരത് മിഷന്‍റെ ആദ്യ മൂന്ന് ഘട്ടത്തിലായി 50 രാജ്യങ്ങളിൽ നിന്ന് 875 ഓളം അന്താരാഷ്ട്ര വിമാനങ്ങൾ സർവീസ് നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇതുവരെ 700 ലധികം വിമാനങ്ങൾ ഇന്ത്യയിലെത്തി 1,50,000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി. വന്ദേ ഭാരത് മിഷന്‍റെ നാലാം ഘട്ടം ജൂലൈ മൂന്ന് മുതൽ ആരംഭിക്കും. കൂടാതെ ധാരാളം ഇന്ത്യക്കാർ രജിസ്റ്റർ ചെയ്തിട്ടുള്ള രാജ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുംമെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം വക്താവ് വ്യക്തമാക്കി