ന്യൂഡല്‍ഹി: ഇന്ത്യ -ചൈന നിയന്ത്രണ രേഖയില്‍ നയതന്ത്ര പ്രാധാന്യമുള്ള ആറ് മലനിരകള്‍ ഇന്ത്യന്‍ സേന പിടിച്ചെടുത്തു. ചൈനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ പുകയുന്നതിനിടെയാണ് സേനയുടെ നീക്കം. മഗർ ഹിൽ, ഗുരുങ് ഹിൽ, റീസെൻ ലാ, റെസാങ് ലാ, മോഖ്പാരി, എന്നീ പ്രദേശങ്ങളാണ് പിടിച്ചെടുത്തത്. ചൈനീസ് സേന മലകള്‍ കീഴടക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന് ഇടയിലാണ് ഇന്ത്യന്‍ സേനയുടെ നീക്കം.
ഇതിന്‍റെ ഭാഗമായി മൂന്ന് തവണ സേനകള്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുന്ന സാഹചര്യങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. ബ്ലാക്ക് ടോപ്പ്, ഹെൽമെറ്റ് ടോപ്പ് ഹിൽ ഭാഗങ്ങള്‍ ഇപ്പോഴും ചൈയുടെ കൈവശമാണ്. എന്നാല്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെ എല്ലാ പ്രദേശങ്ങളും രാജ്യം പിടിച്ചെടുത്തു കഴിഞ്ഞു. ഇതോടെ ചൈന 3000 സൈനികരെ പ്രദേശത്ത് വിന്യസിച്ചു. ചൈനീസ് സൈന്യത്തിന്‍റെ മോൾഡോ പട്ടാളവും കഴിഞ്ഞ ഏതാനും ആഴ്ചകളായി പീപ്പിൾസ് ലിബറേഷൻ ആർമിയും പ്രദേശത്ത് സൈനിക വിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ ഇന്ത്യൻ സുരക്ഷാ സേന പ്രദേശത്ത് കടുത്ത സൈനിക ഏകോപനത്തിലാണ് പ്രവർത്തിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, പ്രതിരോധ മേധാവി ജനറൽ ബിപിൻ റാവത്ത്, കരസേനാ മേധാവി മനോജ് മുകുന്ദ് നർവാനെ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഇന്ത്യയും ചൈനയും പാംഗിംഗ് ത്സോ തടാകത്തിന് സമീപം സബ് സെക്ടർ നോർത്ത് മുതൽ ലഡാക്കിലെ ചുഷുൽ പ്രദേശം വരെ നിരവധി തവണ സംഘർഷങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.