ന്യൂഡൽഹി: കൊവിഡ് കാലത്ത് 150 രാജ്യങ്ങൾക്ക് ഇന്ത്യ മരുന്നുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും നൽകിയതായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. ഇസ്രായേലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസിന്‍റെ പതിനാലാമത് വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ വൻ തോതിൽ വാക്സിനേഷൻ നടക്കുന്ന കാലയളവിൽ തന്നെയാണ് അയൽ രാജ്യങ്ങളിലെക്ക് വാക്സിൻ കയറ്റി അയക്കാൻ ആരംഭിച്ചതെന്നും വരും ദിവസങ്ങളിൽ ഇത് കൂടുതൽ രാജ്യങ്ങളിലെക്ക് വ്യാപിപ്പിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അടക്കമുള്ള വൻ കമ്പനികളാണ് ലോകത്ത് വിതരണം ചെയ്യുന്ന വാക്സിനുകളുടെ ഭൂരിഭാഗവും നിര്‍മിക്കുന്നത്. കൊവാക്സിൻ നിര്‍മാതാക്കളായ ഭാരത് ബയോടെക്കും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ കമ്പനിയാണ്. നിലവിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീൽഡ്, ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ എന്നിവയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.