ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ അതിർത്തി തർക്കത്തിന് പരിഹാരം കാണുന്നതിനായി സൈനിക തല ചർച്ചകൾ തുടരുമെന്ന് ഇന്ത്യയും ചൈനയും. കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ ധാരാളം സൈനികരെ ചൈന വിന്യസിച്ചിട്ടുണ്ട്.
ബുധനാഴ്ച നടന്ന പൊതു ചർച്ചകൾക്ക് ശേഷം, അതിർത്തി തർക്കത്തിന് പരിഹാരം കാണുന്നതിനായി അടുത്ത കുറച്ച് ദിവസങ്ങളിൽ വിവിധ തലങ്ങളിൽ ചർച്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ പറഞ്ഞു. ഗാൽവാൻ പ്രദേശത്തെ പട്രോളിങ്ങ് പോയിന്‍റ് 14, പട്രോളിങ് പൊയിന്‍റ് 15 (114 ബ്രിഗേഡ് ഏരിയ), പട്രോളിങ്ങ് പോയിന്‍റ് 17 (ഹോട്ട് സ്പ്രിംഗ്സ് ഏരിയ) എന്നിവിടങ്ങളിലെ തർക്കത്തിന് പരിഹാരം കാണാനും ചർച്ച നടക്കും.
ബുധനാഴ്ച ഇരുരാജ്യങ്ങളിലെയും മേജർ ജനറൽമാർ ചർച്ച നടത്തിയിരുന്നു. തുടർ ദിവസങ്ങളിൽ ബ്രിഗേഡ്, ബറ്റാലിയൻ തലങ്ങളിൽ ചർച്ചകൾ നടത്തും. ജൂൺ ആറിന് 14 കോർപ്സ് ചീഫ് ലഫ്റ്റനന്‍റ് ജനറൽ ഹരീന്ദർ സിങ്ങും ചൈനീസ് മേജർ ജനറൽ ലിയു ലിനും തമ്മിൽ ചുഷുലിനു എതിർവശത്തുള്ള മോൾഡോയിൽ സൈനിക കമാൻഡർ തല ചർച്ചകൾ നടന്ന ശേഷമാണ് പൊതു ചർച്ചകൾ നടന്നത്. ആദ്യ ഘട്ട ചർച്ചകൾക്ക് ശേഷം ഗാൽവാൻ നള, പിപി -15, ഹോട്ട് സ്പ്രിംഗ്സ് എന്നിവിടങ്ങളിൽ നിന്ന് ചൈനീസ്, ഇന്ത്യൻ സൈന്യങ്ങൾ 2.5 കിലോമീറ്റർ പിന്നോട്ട് മാറിയിരുന്നു.