ന്യൂഡൽഹി: അറബിക്കടലിന് മുകളിലും ലക്ഷ്യദ്വീപ് ഭാഗത്തും ഉണ്ടായ ന്യൂനമർദം ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും ജൂൺ മൂന്നിനകം ഇത് മഹാരാഷ്‌ട്ര, ഗുജറാത്ത് തീരത്തോട് അടുക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അറേബ്യൻ കടലിന് മുകളിൽ രണ്ട് തരത്തിലുള്ള ചുഴലിക്കാറ്റുകൾ രൂപം കൊള്ളുന്നുണ്ട്. അതിൽ ഒരെണ്ണം ഒമാൻ, യെമൻ തീരങ്ങളിലേക്കും മറ്റൊന്ന് ഇന്ത്യയിലേക്കുമാണ് അടുക്കാൻ സാധ്യത.
പശ്ചിമബംഗാൾ, ഒഡിഷ തീരങ്ങളിൽ നാശം വിതച്ച ഉംപുൻ ചുഴലിക്കാറ്റിൽ 98 പേർ കൊല്ലപ്പെടുകയും 10 ദശലക്ഷം ആളുകൾ ഭവനരഹിതരാവുകയും ചെയ്‌തു. അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ അറേബ്യൻ കടൽ, മാലിദ്വീപ്-കൊമോറിൻ പ്രദേശം, തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലെ തെക്കുപടിഞ്ഞാറൻ കാലവർഷത്തിന് അനുകൂലമായ സാഹചര്യമാണിത്. മെയ് 30 മുതൽ ജൂൺ രണ്ട് വരെ തെക്കൻ തീരങ്ങളിൽ കനത്ത മഴ ലഭിക്കും. ഇന്നും നാളെയുമായി കേരളത്തിലും ലക്ഷദ്വീപിലും കനത്ത മഴക്ക് സാധ്യത. ഇന്ന് മുതൽ ജൂൺ നാല് വരെ തെക്കുകിഴക്കൻ, കിഴക്കൻ മധ്യ അറേബ്യൻ കടലിലേക്ക് പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദേശമുണ്ട്.