പട്‌ന: സംസ്ഥാനത്ത് തേജസ്വി യാദവിന്‍റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കാനായാൽ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ പുതിയ ബിൽ നിയമസഭയിൽ പാസാക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പറഞ്ഞു. ഉൽപന്നങ്ങളുടെ വിപണന ശാലകൾ ഇല്ലാതായാൽ കർഷകർക്ക് എങ്ങനെ മിനിമം താങ്ങുവില ലഭിക്കുമെന്ന് പ്രധാനമന്ത്രിക്കും നിതീഷ് കുമാറിനും പറയാനാകുമോയെന്നും സുർജേവാല ചോദിച്ചു.
ബിഹാർ തെരഞ്ഞെടുപ്പിലെ മഹാഗട് ബന്ധൻ സഖ്യത്തിന്‍റെ പ്രകടന പത്രിക പുറത്തിറക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ആർജെഡി നേതാവ് തേജസ്വി യാദവ്, കോൺഗ്രസ് നേതാവ് ശക്തിസിങ് ഗോഹിൽ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. പാർട്ടിയുടെ തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് ചെയർമാനാണ് സുർജേവാല. സഖ്യം അധികാരത്തിൽ വന്നാൽ 10 ലക്ഷം തൊഴിലവസരങ്ങൾ നൽകുമെന്നും പരീക്ഷാകേന്ദ്രത്തിലേക്ക് പോകുന്നവരുടെ യാത്രാ ചെലവ് സർക്കാർ വഹിക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു.
ആർജെഡിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ കോൺഗ്രസ്, സിപിഐ, സിപിഎം തുടങ്ങിയ രാഷ്‌ട്രീയ പാർട്ടികളും ഭാഗമാണ്. 243 നിയമസഭാ സീറ്റുകളുള്ള നിയമസഭയിലേക്ക് മൂന്ന് ഘട്ടമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ പത്തിനാണ് ബിഹാർ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.