ഗാസിയാബാദ്: ഇന്ത്യൻ വ്യോമസേന ഇനിയും വികസിക്കുമെന്നും എല്ലാ സാഹചര്യങ്ങളിലും ഇന്ത്യയുടെ പരമാധികാരവും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ എപ്പോഴും തയ്യാറാണെന്നും രാജ്യത്തിന് ഉറപ്പ് നൽകി വ്യോമസേനാ മേധാവി എയര്‍ ചീഫ് മാർഷൽ രാകേഷ് കുമാർ സിംഗ് ഭദൗരിയ. ഇന്ത്യൻ വ്യോമസേന ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 88 -ാമത് വ്യോമസേനാ ദിനം ആഘോഷിക്കുമ്പോള്‍, വ്യോമസേന ഒരു മാറ്റത്തിന് വിധേയമാവുകയാണ്. എയ്‌റോസ്‌പേസ് പവർ ഉപയോഗിക്കുന്നതും സംയോജിത മൾട്ടി-ഡൊമെയ്ൻ പ്രവർത്തനങ്ങൾ നടത്തുന്നതുമായ ഒരു യുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം തീർച്ചയായും അഭൂതപൂർവമായ ഒന്നാണെന്ന് ഭദൗരിയ വ്യക്തമാക്കി. കൊവിഡ് ലോകമെമ്പാടും വ്യാപിച്ചപ്പോൾ, നമ്മുടെ രാജ്യത്തിന്‍റെ പ്രതികരണം ഉറച്ചതായിരുന്നു. ഞങ്ങളുടെ വ്യോമസേനാനികളുടെ ദൃഢനിശ്ചയം ഈ കാലയളവിലുടനീളം പൂർണ്ണ തോതിലുള്ള പ്രവർത്തനങ്ങൾ നടത്താനുള്ള കഴിവ് വ്യോമസേന തുടർന്നും നിലനിർത്തുമെന്നും ഭദൗരിയ പറഞ്ഞു. വടക്കൻ അതിർത്തിയിലെ സമീപകാലത്തുണ്ടായ ഏറ്റുമുട്ടലിൽ പ്രതിരോധത്തിലേര്‍പ്പെട്ട എല്ലാ യോദ്ധാക്കളെയും അഭിനന്ദിക്കുന്നു. ഗാസിയാബാദിലെ ഹിൻഡോൺ വ്യോമത്താവളത്തിൽ നടന്ന 88-ാമത് ഇന്ത്യൻ വ്യോമസേന ദിനാഘോഷത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, ആർമി ചീഫ് ജനറൽ മനോജ് മുകുന്ദ് നരവാനെ, നേവൽ സ്റ്റാഫ് ചീഫ് അഡ്മിറൽ കരംബീർ സിംഗ് എന്നിവർ പങ്കെടുത്തു.