മുംബൈ: മഹാരാഷ്‌ട്രയിലെ പർഭാനി ജില്ലയിലെ പൗൾട്രിഫാമിൽ കോഴികൾ കൂട്ടത്തോടെ ചത്തു. രണ്ട് ദിവസത്തിനിടയിൽ 900 കോഴികളാണ് ചത്തത്. പക്ഷിപ്പനിയാണോയെന്ന് തിരിച്ചറിയാനായി കോഴികളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്‌ക്കയച്ചു. ഫാമിൽ 8,000 കോഴികളാണ് ഉണ്ടായിരുന്നത്.
കോഴികൾ കൂട്ടത്തോടെ ചത്തത് കൃത്യമായി പോഷകാഹാരം ലഭിക്കാത്തത് മൂലമാകാമെന്നും പരിശോധനാ ഫലങ്ങൾ ലഭിക്കാൻ കാത്തിരിക്കുകയാണെന്നും ജില്ലാ കലക്‌ടർ ദീപക് മുൽഗികർ പറഞ്ഞു. മഹാരാഷ്‌ട്രയിൽ ഇതുവരെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്‌തിട്ടില്ല. കേരളം, രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.