ബെംഗളൂരു: ഓൺലൈൻ ക്ലാസുകൾ വിലക്കിയ കർണാടക സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തു. ഓണ്‍ലൈന്‍ ക്ലാസുകള്‍ വിലക്കിയത് കുട്ടികളുടെ ജീവിതത്തിനും വിദ്യാഭ്യാസത്തിനുമുള്ള മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എൽകെജി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള ഓൺലൈൻ ക്ലാസുകൾക്കാണ് സംസ്ഥാന സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഗ്രാമീണ മേഖലകളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം ബുദ്ധിമുട്ടാകുന്നുവെന്ന ആരോപണത്തെ തുടർന്നായിരുന്നു നടപടി.
സംസ്ഥാന സർക്കാരിന്‍റെ ഉത്തരവ് ഭരണഘടനയുടെ ആർട്ടിക്കിൾ 21, 21 എ പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. അധ്യയന വർഷം ഇതിനകം ആരംഭിച്ചതായും വിദ്യാഭ്യാസം നൽകാനുള്ള ഏക മാർഗം ഓൺലൈൻ അധ്യാപനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സമൂഹത്തിലെ ചില വിഭാഗങ്ങൾക്ക് സൗകര്യമില്ലെന്നതിന്‍റെ അടിസ്ഥാനത്തിൽ ഓൺലൈൻ ക്ലാസുകൾ വിലക്കുന്നത് ഒരു കാരണമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
കൊവിഡ് പ്രതിസന്ധി കാലത്തെ കുട്ടികളുടെ ഓൺലൈൻ ക്ലാസുകളെ കുറിച്ച് വിലയിരുത്താൻ കര്‍ണാടക സര്‍ക്കാര്‍ വിദഗ്‌ധ സമിതിയെ രൂപീകരിച്ചിരുന്നു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഓൺലൈൻ ക്ലാസുകൾക്കുള്ള സമയപരിധി നിശ്ചയിച്ചു. വിദഗ്‌ധ സമിതിയുടെ ശുപാര്‍ശകൾ അവലോകനം ചെയ്‌ത് തീരുമാനങ്ങളെടുക്കുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ പറഞ്ഞു.